മെഡിക്കല്‍ കോളജില്‍ അധ്യാപകരെ നിയമിച്ച് പ്രശ്‌നം പരിഹരിക്കണം : യു.ഡി.എഫ്
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ അധ്യാപകരെ നിയമിക്കുന്നതിനുപകരം മൂന്നും നാലും സെമസ്റ്റര്‍ വിദ്യാര്‍ഥികളെ മറ്റു മെഡിക്കല്‍ കോളജുകളിലേക്ക് താലിക്കാലികമായി മാറ്റിയിട്ടുള്ളത് ഇടുക്കിയോടുള്ള സര്‍ക്കാരിന്റെ അവഗണനയുടെ ഭാഗമാണെന്ന് യു.ഡി.എഫ്. വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി പറഞ്ഞു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടായിട്ടും മതിയായ അധ്യാപകരുടെയും സൗകര്യങ്ങളുടെയും അഭാവം കാണിച്ച് കേരള ആരോഗ്യവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ (ഡി.എം.ഇ.) ആരോഗ്യവകുപ്പിന് നല്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് വിദ്യാര്‍ഥികളെ മാറ്റുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ത്തന്നെ ഇടുക്കി മെഡിക്കല്‍ കോളജ് നിലനിര്‍ത്തുമെന്നും ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് മന്ത്രി ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്കിയിരുന്നു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെയും യു.ഡി.എഫ്. നേതാക്കളുടെയും അക്ഷീണ പരിശ്രമ ഫലമായി യു.ഡി.എഫ്.സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളജില്‍ 2014 സെപ്റ്റംബര്‍ മാസത്തിലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ 50 വിദ്യാര്‍ത്ഥികളുടെ ആദ്യബാച്ച് ആരംഭിച്ചത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പുതിയ അഡ്മിഷന് അനുമതി തേടുന്ന ഈ അവസരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള നടപടി വരുംവര്‍ഷത്തേക്കുള്ള അംഗീകാരത്തെ സാരമായി ബാധിക്കും. യോഗത്തില്‍ ചെയര്‍മാന്‍ പി.ഡി. ജോസഫ്, കണ്‍വീനര്‍ ജേക്കബ് പിണക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി കൊച്ചുകുടി, ജോസ് കുഴികണ്ടത്തില്‍, എം.കെ. കാസിം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."