വീണ്ടും ഗ്രൂപ്പ്കളി ശക്തം: പാഠം പഠിക്കാതെ ഇടുക്കിയിലെ കോണ്‍ഗ്രസ്
തൊടുപുഴ: ഗ്രൂപ്പിസത്തില്‍ ആടിയുലഞ്ഞ് അടിപതറിയിട്ടും പാഠം പഠിക്കാതെ ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഇക്കുറിയും ഒരാളേപ്പോലും ജില്ലയില്‍ നിന്നും നിയമസഭയിലേക്ക് വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്ത സാഹചര്യത്തിലും പി. ടി തോമസ് എം എല്‍ എ യുടെ സ്വീകരണ പരിപാടിയില്‍ കടുത്ത ഗ്രൂപ്പ് കളി കണ്ടതോടെ സാധാരണ പ്രവര്‍ത്തകര്‍ അസംതൃപ്തിയിലാണ്. പാര്‍ട്ടിയില്‍ വേരുറച്ച ഗ്രൂപ്പിസം വരുംനാളുകള്‍ വിഭാഗീയതയുടെ യുദ്ധക്കളമായി കോണ്‍ഗ്രസ് രാഷ്ട്രീയം മാറുമെന്ന ധ്വനിയാണ് നല്‍കുന്നത്. ഏറ്റവുമൊടുവില്‍ പി. ടി തോമസിന് കട്ടപ്പനയില്‍ നല്‍കിയ സ്വീകരണവും വിഭാഗീയതയുടെ നേര്‍സാക്ഷ്യമായി. തൊടുപുഴയില്‍ നല്‍കിയ സ്വീകരണത്തിലും മറിച്ചായിരുന്നില്ല. ജൂലൈ രണ്ടിന് നെടുങ്കണ്ടത്ത് പി ടി തോമസിന് സ്വീകരണം നല്‍കുന്നുണ്ട്.
നിലപാടുകളില്‍ ഉറച്ചുനിന്ന് പോരാടുന്ന അപൂര്‍വം ജനപ്രതിനിധികളിലൊരാളാണ് മുന്‍ ഇടുക്കി എം. പിയും ഇപ്പോഴത്തെ തൃക്കാക്കര എം. എല്‍. എയുമായ പി. ടി തോമസ്. മുന്‍ യു. പി. എ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ എം. പി ആയിരുന്നിട്ടും സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍കൊണ്ടുതന്നെയാണ്. കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ പ്രശ്‌നത്തില്‍ പി. ടി തോമസിന്റെ നിലപാടിനെ കോണ്‍ഗ്രസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും സീറ്റ് നഷ്ടപ്പെടുമെന്ന ഭയത്താല്‍ സീറ്റ് നിഷേധിക്കുകയായിരുന്നു. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. പി. സി. സി പ്രസിഡന്റ് വി. എം സുധീരന്റെ കടുംപിടുത്തത്തിന്റെ പേരില്‍ ലഭിച്ച തൃക്കാക്കര സീറ്റില്‍ മികച്ച ഭൂരിപക്ഷത്തോടെ അദ്ദേഹം നിയമസഭയില്‍ എത്തുകയും ചെയ്തു.
ജില്ല വിട്ടുപോയിട്ടും കോണ്‍ഗ്രസിലെ കടുത്ത രാഷ്ട്രീയ വിഭാഗീയതയുടെ നേര്‍ചിത്രമായി പി. ടി തോമസിന് നല്‍കിയ സ്വീകരണ പരിപാടികള്‍ മാറി. ബൂത്തുതലം മുതല്‍ സംസ്ഥാനതലം വരെ ഗ്രൂപ്പ് നോക്കി സ്ഥാനമാനങ്ങള്‍ പങ്കുവയ്ക്കുന്ന പാര്‍ട്ടിയില്‍, ഇടുക്കിയില്‍ അഭിമാനിക്കാന്‍ കാര്യമായി ഒന്നുമില്ലാതിരുന്നിട്ടും പി. ടി തോമസിന് നല്‍കിയ സ്വീകരണ പരിപാടിയില്‍ പൂര്‍ണമായ ഗ്രൂപ്പ് കളി ദൃശ്യമാക്കി കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ പരിപാടി ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസ് ഐ വിഭാഗത്തിനൊപ്പം എ വിഭാഗത്തില്‍തന്നെ പി. ടി തോമസിനെ എതിര്‍ക്കുന്ന ഡി. സി. സി പ്രസിഡന്റ് റോയി കെ. പൗലോസിന്റെ പക്ഷവും വിട്ടുനിന്നതോടെ, നാണംകെട്ട ഗ്രുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് ഉയര്‍ന്നു കാണുന്നത്. യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളാണ് പി. ടി തോമസിന് സ്വീകരണം സംഘടിപ്പിച്ചത്. ആദ്യ പരിപാടി തൊടുപുഴയിലായിരുന്നു.
സ്വദേശമായ ഇടുക്കിയില്‍നിന്ന് പി ടി തോമസിനെ ഒഴിവാക്കാന്‍ ശ്രമിച്ച രണ്ട് വിഭാഗം കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പിനുശേഷവും പി. ടിയോടുള്ള ഗ്രൂപ്പ് വിദ്വേഷം മറക്കാന്‍ തയാറാകുന്നില്ല. തൊടുപുഴയില്‍ ഐ വിഭാഗത്തിലെ മുന്‍ ഡി. സി. സി പ്രസിഡന്റ് ജോയി തോമസ്, സി പി മാത്യു എന്നിവര്‍ അടക്കം ഏതാനും നേതാക്കള്‍ പി. ടി തോമസിന് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തപ്പോള്‍, കട്ടപ്പനയില്‍ റോയി കെ പൗലോസിന്റെ നേതൃത്വത്തിലുള്ള എ വിഭാഗവും ഐ ഗ്രൂപ്പിനൊപ്പം വിട്ടുനിന്നു.
പി. ടി തോമസിന് ജില്ലയില്‍ സ്വീകരണം നല്‍കുന്നതിനെ സി പി എം നേതൃത്വത്തിലുള്ള കര്‍ഷക സംഘം എതിര്‍ക്കുകയും പരസ്യപ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതി പി. ടി തോമസിനോടുള്ള വിരോധം ഉപേക്ഷിച്ചില്ലെന്നു മാത്രമല്ല, അവര്‍ പരസ്യമായിത്തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.
ഈ രണ്ട് വിഭാഗത്തിന്റെയും എതിര്‍പ്പിനിടെയാണ് സ്വന്തം പാര്‍ട്ടിയിലെ ബഹിഷ്‌കരണവും. അതേസമയം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ്, കെ. എസ്. യു നേതൃത്വങ്ങളും എ ഗ്രൂപ്പിലെ പകുതിയോളം പാര്‍ട്ടി ഭാരവാഹികളും പി. ടി തോമസിനോടൊപ്പമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."