കാണാം തന്ത്രങ്ങളുടെ ഫൈനല്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തിന്റെ 11ാം അധ്യായത്തിലെ ചാംപ്യന്‍മാര്‍ ആരാകും എന്ന് ഇന്നറിയാം. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് നടക്കുന്ന ഫൈനലില്‍ നേര്‍ക്കുനേര്‍ വരും. മുന്‍ ചാംപ്യന്‍മാരാണ് ഇരു സംഘവും. ചെന്നൈയുടെ ഏഴാം ഫൈനല്‍ പ്രവേശമാണ്. അതില്‍ രണ്ട് തവണ അവര്‍ കപ്പ് സ്വന്തമാക്കി. 2016ലെ ചാംപ്യന്‍മാരാണ് ഹൈദരാബാദ്. ഇത്തവണ മികച്ച തന്ത്രങ്ങളും ഒറ്റ കെട്ടായ പ്രകടന മികവുമാണ് ഇരു ടീമുകളേയും ഫൈനലിലെത്തിച്ചത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ആവേശത്തിന്റെ കൊടുമുടി കയറുമെന്ന കാര്യത്തില്‍ സംശയിക്കേണ്ട.
രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐ.പി.എല്ലില്‍ തിരിച്ചെത്തിയ ചെന്നൈ പണ്ടത്തെ നിലവാരം നിലനിര്‍ത്തിയെന്നതാണ് ഇത്തവണത്ത സവിശേഷത. തന്റെ നായക മികവിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് മഹേന്ദ്ര സിങ് ധോണി തെളിയിച്ചപ്പോള്‍ ചെന്നൈ ടീം അനായാസ വിജയങ്ങളുമായി കുതിച്ചു. ബാറ്റിങില്‍ അമ്പാട്ടി റായിഡു കൈവരിച്ച മികവിന്റെ ഔന്നത്യം തന്നെ അതിന് പ്രത്യക്ഷ തെളിവ്.
കാലം കഴിഞ്ഞെന്ന് കരുതി മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ പഴയ സ്പിന്‍ പടക്കുതിര ഹര്‍ഭജന്‍ സിങിന്റെ മികവും ധോണിയുടെ നായക മികവിന്റെ അടയാളമാണ്. ഡ്വെയ്ന്‍ ബ്രാവോ, ഷെയ്ന്‍ വാട്‌സന്‍, ഫാഫ് ഡുപ്ലെസിസ് തുടങ്ങിയവരെല്ലാം തങ്ങളുടെ റോള്‍ ഭംഗിയാക്കിയപ്പോള്‍ ചെന്നൈ മുന്നേറ്റം വേവലാതികളില്ലാതെ തന്നെ നടന്നു.
ഫിനിഷര്‍ എന്നുള്ള ടാഗ് തന്റെ കഴുത്തില്‍ നിന്ന് എടുത്തുകളയാന്‍ സമയമായിട്ടില്ലെന്ന് ധോണി ചില കളികളില്‍ ഇടക്കിടെ ഓര്‍മപ്പെടുത്തി. ലുന്‍ഗി എന്‍ഗിഡിയെന്ന ദക്ഷിണാഫ്രിക്കയുടെ പുതിയ സെന്‍സേഷന്‍ പേസറുടെ സാന്നിധ്യവും ടീമിന്റെ കരുത്തായി മാറി.
സമാനമാണ് ഹൈദരാബാദിന്റെ വരവും. അവസാന നിമിഷം ആസ്‌ത്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക് വിലക്കിനെ തുടര്‍ന്ന് കളിക്കാനുള്ള സാഹചര്യം നഷ്ടമായപ്പോള്‍ സംശയമേതുമില്ലാതെ ഹൈദരാബാദ് അധികൃതര്‍ നായക സ്ഥാനം വച്ചു നീട്ടിയത് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്. ബാറ്റ് കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും ടീമിനെ മുന്നില്‍ നിന്ന് നയിച്ചാണ് വില്ല്യംസന്‍ നായക പദവിയോട് കൂറ് പുലര്‍ത്തിയത്.
നിലവില്‍ ഐ.പി.എല്ലിലെ റണ്‍ വേട്ടക്കാരില്‍ കിവി നായകന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. എത്ര ചെറിയ സ്‌കോര്‍ നേടിയാലും അത് പ്രതിരോധിക്കാനുള്ള ബൗളര്‍മാര്‍ ഹൈദരാബാദ് നിരയിലുണ്ടെന്നതാണ് ഇത്തവണത്തെ അവരുടെ പല വിജയങ്ങള്‍ക്കും ഇന്ധനമായി നിന്ന ഘടകം.
ബാറ്റിങില്‍ വില്ല്യംസന്‍ തന്നെ മുന്നില്‍ നില്‍ക്കുന്നു. ഒപ്പം മനീഷ് പാണ്ഡെ, ഷാകിബ് അല്‍ ഹസന്‍, ശിഖര്‍ ധവാന്‍, യൂസുഫ് പത്താന്‍ എന്തിന് റാഷിദ് ഖാന്‍ വരെ അവസരത്തിനൊത്തുയര്‍ന്നു.
ബൗളിങ് മികവിലാണ് ഹൈദരാബാദ് കൂടുതല്‍ കരുത്തര്‍. റാഷിദ് ഖാന്റെ സാന്നിധ്യം തന്നെ ഉദാഹരണം. ഭുവേശ്വര്‍ കുമാര്‍, ശാര്‍ദുല്‍ താക്കൂര്‍, സന്ദീപ് ശര്‍മ തുടങ്ങിയവരൊക്കെ നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനെ രക്ഷിച്ചെടുത്തു. ഒരര്‍ഥത്തില്‍ ഇന്നത്തെ ഫൈനല്‍ ഹൈദരാബാദ് ബൗളര്‍മാരും ചെന്നൈ ബാറ്റിങ് നിരയും തമ്മിലുള്ള പോരായി വിശേഷിപ്പിക്കാം.
ഫൈനലിലേക്കുള്ള വഴി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഗ്രൂപ്പ് ഘട്ടത്തില്‍ 14ല്‍ ഒന്‍പത് വിജയവും അഞ്ച് തോല്‍വിയുമായി 18 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫില്‍. ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ചൈന്നൈ സൂപ്പര്‍കിങ്‌സിനോട് പരാജയപ്പെട്ടു. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കി ഫൈനലിലേക്ക്.
ചെന്നൈ സൂപ്പര്‍കിങ്‌സ്
ഗ്രൂപ്പ് പോരാട്ടങ്ങളില്‍ 14ല്‍ ഒന്‍പത് വിജയങ്ങളും അഞ്ച് തോല്‍വിയുമായി റണ്‍റേറ്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനം. ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി നേരിട്ട് ഫൈനലിലേക്ക് യോഗ്യത സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."