അരിക്കടയിലും അടി; സി.പി.എം- സി.പി.ഐ പോര് രൂക്ഷം
ആലപ്പുഴ : അരിക്കടയിലും അടി. വാണം പോലെ കുതിച്ചുരുന്ന അരി വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയിലാണ് സി പി എം - സി പി ഐ പോര് കടന്നുവന്നത്. ഭക്ഷ്യമന്ത്രിയുടെ തട്ടകമായ ചേര്‍ത്തലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കടകംപളളി സുരേന്ദ്രന്റെയും പൂര്‍ണ്ണകായ ചിത്രം വെച്ച് അരിക്കട ഉദ്ഘാടനം ചെയ്തതാണ് സി പി ഐയെ ചൊടിപ്പിച്ചത്.
ഭക്ഷ്യമന്ത്രിയെന്ന നിലയില്‍ സി പി ഐ നേതാവായ മന്ത്രി പി തിലോത്തമനാണ് പരിപാടിയുടെ ഉദ്ഘാടകനാകേണ്ടത്. റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണനാ പട്ടിക വിവാദം ചര്‍ച്ച ചെയ്യാന്‍ തിലോത്തമന്‍ ചേര്‍ത്തലയില്‍തന്നെ തമ്പടിക്കുമ്പോഴാണ് അരിക്കട ഉദ്ഘാടനം പൊടിപൊടിച്ചത്. തിലോത്തമന്റെ നാമമാത്ര പടം പോലും വെക്കാതെയാണ് സി പി എം നേതാവും കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ നാസര്‍ പരിപാടി ഉദ്ഘാടനം ചെയ്തത്.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് ഇടം നല്‍കാതെ സി പി എം നടത്തുന്ന പോര് സി പി ഐ ജില്ലാ നേതൃത്വത്തെ വല്ലാതെ പ്രകോപിച്ചിട്ടുണ്ട്. എന്നാല്‍ വകുപ്പുമായി ബന്ധപ്പെട്ട സങ്കീര്‍ണ പ്രശ്‌നങ്ങളില്‍ സി പി എം മുഖം തിരിഞ്ഞ് നില്‍ക്കുകയും തികഞ്ഞ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന പരാതി സി പി ഐ നിരത്തുന്നതിനിടയിലാണ് അരിക്കടയിലും പോരുമായി സി പി എം എത്തിയത്.
നേരത്തെ എഫ് സി ഐ ഗോഡൗണുകളില്‍ ചരക്കു നീക്കം നിലച്ചപ്പോള്‍ തൊഴിലാളി പ്രശ്‌നം പരിഹരിക്കുന്നതില്‍ സി പി എമ്മിന്റെ യാതൊരു സഹായവും സി പി ഐക്ക് ലഭിച്ചിരുന്നില്ല. പിന്നീട് ആലപ്പുഴയിലെ എഫ് സി ഐ ഗോഡൗണില്‍നിന്നും 50 ഓളം തൊഴിലാളികളെ കൊല്ലത്തേക്ക് സ്ഥലംമാറ്റിയാണ് പ്രശ്‌നപരിഹാരം കണ്ടത്.
ഇത് ഇതര ട്രേഡ് യൂണിയനുകളില്‍നിന്നും കനത്ത എതിര്‍പ്പ് വരുത്തിവെച്ചാണ് സി പി ഐ പ്രശ്‌ന പരിഹാരം നടത്തിയത്. സംസ്ഥാനത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ഭക്ഷ്യമന്ത്രിയെ കൂട്ടാതെ മുഖ്യമന്ത്രി നേരിട്ട് സി പി എമ്മിലെ യുവ എം പിയുമായി ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിയെ കണ്ടത് സി പി ഐയെ ചില്ലറയ്യല്ല ചൊടിപ്പിച്ചത്.
ഇതിനിടെ തങ്ങളെ ചവിട്ടി മെതിക്കുന്നുവെന്ന് ആക്ഷേപിച്ച് സി പി ഐ തിരുത്തല്‍ രാഷ്ട്രീയം കളിച്ചു തുടങ്ങി. ജില്ലയില്‍ വിവാദമായി തീര്‍ന്ന സഹകരണ ബാങ്ക് അഴിമതിയെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ നേരിട്ട് സര്‍ക്കാരിനെതിരെ സമരം ചെയ്തത് സി പി എമ്മിനെ ചൊടിപ്പിച്ചിരുന്നു. മാത്രമല്ല പൊലിസ് അതിക്രമം പെരുകുന്നുവെന്നും അഭ്യന്തര വകുപ്പ് നിര്‍ജീവമായെന്നും ആരോപിച്ച് സി പി ഐ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസിന്റെ നേതൃത്വത്തില്‍ ഹരിപ്പാട് ധര്‍ണ്ണ നടത്തിയത് പിണറായിയെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് സി പി എമ്മിന്റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍. വരുദിനങ്ങളില്‍ കൂടുതല്‍ പ്രതിഷേധ ശബ്ദവുമായി സി പി ഐ കച്ചമുറുക്കുമ്പോള്‍ പോര് പാരമ്യത്തിലെത്തുമെന്നു തന്നെ കരുതാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."