ചെങ്ങന്നൂരില്‍ നാളെ ജനവിധി; ഇന്ന് നിശബ്ദ പ്രചാരണം
ചെങ്ങന്നൂര്‍: പരസ്യ പ്രചാരണത്തിന് തിരശീല വീണതോടെ നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍ ബാക്കി. നാളെ തങ്ങളുടെ സമ്മതിദാനം വിനിയോഗിക്കുവാനായി ചെങ്ങന്നൂര്‍ നിവാസികള്‍ പോളിങ് ബൂത്തുകളിലേക്ക് നീങ്ങും. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ ഇടതടവില്ലാതെയാണ് വോട്ടിങ് നടക്കുക.
ചെങ്ങന്നൂരിന്റെ ചരിത്രത്തില്‍ ഇടംനേടുമാറ് കനത്ത വോട്ടിങ് തന്നെ നടക്കുമെന്നാണ് ഇലക്ഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് അറിയാന്‍ സാധിക്കുന്നത്. കാലാവസ്ഥ പ്രവചന പ്രകാരം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. എന്നാല്‍ ഇതൊന്നും വോട്ടറുമാരുടെ ആവേശം കെടുത്തുന്നതായി കാണുന്നില്ല.
സ്ഥാനാര്‍ഥികള്‍ തന്നെ മണ്ഡലത്തില്‍ ഏഴ് റൗണ്ടിലധികം പര്യടനം നടത്തിക്കഴിഞ്ഞിരുന്നു. പ്രവര്‍ത്തകരും അത്രയും തവണയെങ്കിലും അഭ്യര്‍ത്ഥനയുമായി വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്ഥമായി മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എമാര്‍, സിനിമാതാരങ്ങള്‍ സംസ്ഥാന അഖിലേന്ത്യാ നേതാക്കള്‍ തുടങ്ങിയവരാണ് വീടുകളില്‍ കയറിയും അല്ലാതെയും വോട്ട് അഭ്യര്‍ഥന നടത്തിയത്. ചെങ്ങന്നൂര്‍ അസംബ്ലി മണ്ഡലം രൂപപ്പെട്ടതിന് ശേഷം ഇത്രയും വീറും വാശിയും ഉള്ളയൊരു തെരഞ്ഞെടുപ്പ് ചെങ്ങന്നൂരുകാര്‍ കണ്ടിട്ടില്ല.
അതേപോലെതന്നെ ഇത്രയും സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ഒരു തെരഞ്ഞെടുപ്പും ചെങ്ങന്നൂരില്‍ നടന്നിട്ടുമില്ല. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കാകട്ടെ ഈ തെരഞ്ഞെടുപ്പ് ജീവന്‍മരണ പ്രശ്‌നമാണ്. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനത്തെ വിലയുരുത്തപ്പെടുന്ന തെരഞ്ഞെടുപ്പെന്നതിലുപരി പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തപ്പെടുന്ന ഒരു തെരഞ്ഞെടുപ്പ് കൂടിയാണിത്.
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലും ഇക്കുറി റെക്കോഡാണ്. 17 പേരാണ് മത്സര രംഗത്തുള്ളത്. ആയതുകൊണ്ട് തന്നെ നോട്ടാ ഉള്‍പ്പടെ രണ്ട് വോട്ടിംഗ് മിഷീനുകളാണ് ബൂത്തുകളില്‍ സജ്ജമാക്കിയിരിക്കുന്നത്.
വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ന് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണ്ണമായും വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പെന്ന ഖ്യാതിയും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുണ്ട്.
വോട്ട് ചെയ്യാന്‍ ഈ 12 രേഖകളിലൊന്നുമതി
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ഇലക്‌ടേഴ്‌സ് ഫോട്ടോ തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ സംവിധാനം. ഈ രേഖ കൈയ്യിലില്ലാത്ത വോട്ടര്‍മാര്‍ക്ക് അതിനുപകരമായി സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ ദിവസം ഉപയോഗിക്കാം. 12 തിരിച്ചറിയല്‍ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഫോട്ടോ പതിച്ച സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്( സംസ്ഥാന സര്‍ക്കാരോ സെന്‍ട്രല്‍ ഗവണ്‍മെന്റ്, പബ്ലിക് ലിമിറ്റഡ് കമ്പനീസ് അംഗീകൃതം),ബാങ്കോ പോസ്റ്റോഫസിന്റെയോ പാസ്ബുക്ക്, പാന്‍കാര്‍ഡ്, എന്‍പിആര്‍ന്റെ കീഴില്‍ ആര്‍ജിഐ വിതരണം ചെയ്ത സ്മാര്‍ട് കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ രേഖകള്‍, ഫോട്ടോ പതിഞ്ഞ അംഗീകൃത വോട്ടേഴ്‌സ് സ്‌ളിപ്പ് എം.പി,എം.എല്‍.എ,എം.എല്‍.സി, ആധാര്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
സുരക്ഷയ്ക്ക് 1500 അംഗ പൊലിസ് സേന
ആലപ്പുഴ: തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനും മുഴുവന്‍ വോട്ടര്‍മാര്‍ക്കും സുരക്ഷിതമായി വോട്ടുചെയ്തു വീട്ടിലെത്താനും സൗകര്യമൊരുക്കാന്‍ പൊലിസ് പ്രതിജ്ഞാബദ്ധമാണെന്ന് ജില്ല പൊലിസ് മേധാവി എസ്. സുരേന്ദ്രന്‍ പറഞ്ഞു.
മൂന്ന് പൊലിസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന മണ്ഡലത്തില്‍ ഡി.വൈ.എസ്.പിമാരുടേയും എസ്.പിമാരുടേയും സേവനത്തിന് പുറമേ കേന്ദ്ര സേനയും കാവലിനുണ്ടാകും. അതിനാല്‍ വോട്ടിങ് ദിവസവും വോട്ടെണ്ണല്‍ ദിവസവും ഇരട്ട സംരക്ഷണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പോളിങ് ബൂത്തുകള്‍ക്കുമായി 750 പോലീസുകാരെയാണ് ക്രമസമാധാനപാലനത്തിന് നിയമിച്ചിട്ടുള്ളത്. ഇതില്‍ ഏഴു ഡി.വൈ.എസ്.പിമാരെയും നിയമിച്ചിട്ടുണ്ട്. മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് ചെങ്ങന്നൂര്‍ മണ്ഡലം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഓരോ പോലീസ് സ്റ്റേഷനും ഓരോ ഡിവൈ.എസ്.പിയുടെ കീഴിലായിരിക്കും. ഓരോ ഡിവൈ.എസ്.പിയെയും സഹായിക്കാന്‍ ഓരോ സി.ഐമാരെയും നിയമിച്ചിട്ടുണ്ട്. പ്രശ്‌നബാധിതമായി കണ്ടെത്തിയ 22 ബൂത്തുകളില്‍ കനത്ത പൊലിസ് സംരക്ഷണം, സി.സി.ടി.വി വഴി കര്‍ശന നിരീക്ഷണം എന്നിവയുമുണ്ടാകും.മൊബൈല്‍ പട്രോളിങ് യൂണിറ്റുകളും സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മണ്ഡലത്തില്‍ വിന്യസിച്ചിട്ടുണ്ട്.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ക്രമസമാധാന പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ഡി.വൈ.എസ്.പിയ്ക്കും കീഴിലാണ് സ്‌ട്രൈക്കിങ് ഫോഴ്‌സിനെ വിന്യസിച്ചിരിക്കുന്നത്. 50 പേരാണ് ഒരു ടീമിലുള്ളത്. എസ്.പിയ്ക്ക് കീഴില്‍ മണ്ഡലത്തില്‍ 100 പേരടങ്ങുന്ന ടീമിന്റെയും സേവനം ഉണ്ടാകും. എന്തു പ്രശ്‌നമുണ്ടായാലും ഉടനടി ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഡി.വൈ.എസ്.പിയുടെ കീഴില്‍ ഒരു സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. അവിടെയും 75 പേരടങ്ങുന്ന ടീമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."