മുളിയാര്‍ സി.എച്ച്.സി ലാബ് ആവശ്യത്തിന് ജീവനക്കാരില്ല; രോഗികള്‍ ദുരിതത്തില്‍
ബോവിക്കാനം: മതിയായ ജീവനക്കരുടെ അഭാവം മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബില്‍ പരിശോധനയ്‌ക്കെത്തുന്ന രോഗികളെ ദുരിതത്തിലാക്കുന്നു. പനി അടക്കമുള്ള പല രോഗങ്ങളുമായി ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികളെ ലാബില്‍ പരിശോധിപ്പിച്ച ശേഷമാണു ഡോക്ടര്‍മാര്‍ ആവശ്യമായ ചികിത്സ നിര്‍ണയിക്കുന്നത്. ദിനം പ്രതിയെത്തുന്ന മുന്നൂറിലധികം രോഗികളില്‍ നൂറ്റി അന്‍പതോളം പേരാണ് ലാബില്‍ പരിശോധനയ്‌ക്കെത്തുന്നത്. വിശദമായ പരിശോധ നടത്തേണ്ടതിനാല്‍ ഓരോ രോഗിയുടെയും റിപ്പോര്‍ട്ട് ലഭിക്കാന്‍ ഏറെ സമയം കാത്തിരിക്കേണ്ടി വരുന്നു.
ഇത്രയും രോഗികളുടെ രക്തം-മൂത്രം സാംപിളുകള്‍ പരിശോധിക്കാന്‍ ഒരു ജീവനക്കാരി മാത്രമാണ് ഇവിടെയുള്ളത്. ഇവര്‍ ഒറ്റയ്ക്ക് ഇത്രയും രോഗികളുടെ പരിശോധന നടത്തുന്നതിനാലാണു കൂടുതല്‍ സമയമെടുക്കുന്നത്. ഇങ്ങനെ കാത്തിരുന്നു കിട്ടുന്ന പരിശോധനാ ഫലവുമായി രോഗികളെത്തുമ്പോഴേക്കും പരിശോധനാ സമയം കഴിഞ്ഞു ഡോക്ടര്‍മാര്‍ പോയിരിക്കും. ഇതേ തുടര്‍ന്ന് ഡോക്ടറെ കണ്ടു മരുന്നു വാങ്ങണമെങ്കില്‍ രോഗികള്‍ പിറ്റേന്നു വീണ്ടും വരേണ്ട അവസ്ഥയാണ്.
ജീവനക്കാരുടെ കുറവ് മൂലം യഥാസമയം റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കുന്നില്ലെന്നാണു ജീവനക്കാര്‍ പറയുന്നത്. അതിനിടെ കഴിഞ്ഞ മൂന്നു ദിവസമായി ഇവിടത്തെ ലാബ് അടച്ചു പൂട്ടിയിരിക്കുകയാണ്. ഇവിടെയുണ്ടായിരുന്ന ജീവനക്കാരിയുടെ ഭര്‍ത്താവിന് അസുഖം ബാധിച്ചതു കാരണം ദീര്‍ഘനാളത്തെ അവധിയില്‍ പോയിരിക്കുകയാണ്. ഈ മാസം കഴിയാതെ ലാബില്‍ താല്‍ക്കാലികമായി പോലും ഒരാളെ നിയമിക്കാന്‍ സാധിക്കിലെന്നാണ് അധികൃതര്‍ പറയുന്നത്. ഇതു മൂലം ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നതിനു പുറമെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കമുള്ള നിര്‍ധനര്‍ക്കു കനത്ത സാമ്പത്തിക ബാധ്യതയാണുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."