മണക്കായിക്കടവ് പാലം പ്രവൃത്തി വീണ്ടും തുടങ്ങി
മട്ടന്നൂര്‍: അഞ്ചുവര്‍ഷത്തെ ഇഴച്ചിലിനു ശേഷം മണക്കായിക്കടവ് പാലം പ്രവൃത്തി വീണ്ടും തുടങ്ങി. മാനന്തവാടി -ആറള ഫാം മേഖലയില്‍ നിന്നും ഉരുവച്ചാല്‍, മണക്കായി, വേങ്ങാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കണ്ണൂരിലേക്കെത്താനുള്ള എളുപ്പവഴിയാണിത്. പാലം യാഥാര്‍ഥ്യമായാല്‍ കിലോമീറ്ററുകള്‍ യാത്രക്കാര്‍ക്ക് കുറഞ്ഞുകിട്ടും. തലശ്ശേരി-മട്ടന്നൂര്‍ റൂട്ടിലെ ഉരുവച്ചാലില്‍ നിന്ന് ആറു കിലോമീറ്റര്‍ ദൂരമേയുള്ളു ഇവിടുത്തേക്ക്. 2012ല്‍ പാലത്തിന്റെ പണി തുടങ്ങിയെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതോടെ നൂറുകണക്കിനാളുകള്‍ ദുരിതത്തിലായി.
ഈ സമയത്തു പ്രവൃത്തി തുടങ്ങിയ പാലങ്ങള്‍ നിശ്ചയിച്ച വേഗതയില്‍ തന്നെ പൂര്‍ത്തിയായെങ്കിലും മണക്കായിക്കടവ് പാലം പ്രവൃത്തി മാത്രം ഇഴഞ്ഞു. വേങ്ങാട് പഞ്ചായത്തിനെയും മട്ടന്നൂര്‍ നഗരസഭയെയും ബന്ധിപ്പിക്കുന്നതാണ് മണക്കായിക്കടവ് പാലം. 4.6 കോടി ചെലവില്‍ പൂര്‍ത്തിയാക്കുന്ന പാലത്തിന് 100 മീറ്റര്‍ നീളമാണുള്ളത്. വാഹനത്തിന് പോകാനായി ഏഴുമീറ്ററോളം വീതിയുണ്ട്.
ഇതിനു പുറമെ കാല്‍നടയാത്രക്കാര്‍ക്കും നടപ്പാത സൗകര്യമുണ്ട്. മട്ടന്നൂര്‍ നഗരസഭയുടെ 100 മീറ്ററും വേങ്ങാട് പഞ്ചായത്തിന്റെ 200 മീറ്ററും ഉപയോഗിച്ചാണ് അപ്രോച്ച് റോഡ് നിര്‍മിക്കുന്നത്.
പാലത്തിന്റെ അടിത്തറ, ഫില്ലര്‍, തൂണ്‍ എന്നിവയുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷാവസാനത്തോടെ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."