പട്ടും വളയും നല്‍കി ആദരിച്ചു
തളിപ്പറമ്പ്: പ്രമുഖ ശില്‍പി തൃക്കരിപ്പൂരിലെ എം.വി വിശ്വനാഥന്‍ ആശാരിയെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പട്ടും വളയും നല്‍കി ആദരിച്ചു. ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്ര കമ്മിറ്റിയും നാട്ടുകാരും മുന്‍കൈയെടുത്താണ് ആദരിച്ചത്. പതിനെട്ടാം വയസില്‍ ക്ഷേത്ര നിര്‍മാണ മേഖലയിലെത്തിയ വിശ്വനാഥന്‍ ആശാരി നിലവില്‍ ഇരുപത്തിയഞ്ചോളം ക്ഷേത്രങ്ങളുടെ ശ്രീകോവില്‍ നിര്‍മാണം നിര്‍വഹിച്ചു കഴിഞ്ഞിട്ടുണ്ട്.
മാമാനിക്കുന്ന് ദേവീക്ഷേത്രത്തിലെ ക്ഷേത്രപാലകനും ശ്രീകോവിലും നിര്‍മിച്ചതിലും ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം, കര്‍ണാടകയിലെ സഹസ്ര ലിംഗേശ്വരന്‍ ക്ഷേത്രം, തമിഴ്‌നാട്ടിലെ ശക്തി മണീശ്വരന്‍ ക്ഷേത്രം എന്നിവയുടെ നിര്‍മിതിക്ക് പിന്നിലും ഈ തൃക്കരിപ്പൂരുകാരന്‍ പ്രവര്‍ത്തിച്ചു. ഏറ്റവുമവസാനം ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവില്‍ന്റെ മുഖ്യശില്‍പി ആയിരുന്നു.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം കൊട്ടുമ്പുറത്ത്‌വച്ച് മേല്‍ശാന്തി പട്ടറോട്ടില്ലത്ത് ഹരിദാസന്‍ നമ്പൂതിരി പട്ടുംവളയും നല്‍കി.
ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രം ചെയര്‍മാന്‍ പി.രാജന്‍ വളയിട്ടു. ട്രസ്റ്റി ബോര്‍ഡംഗം വി.വി കുഞ്ഞികൃഷ്ണന്‍, കെ.സി ബാലകൃഷ്ണന്‍, എം.ഒ കരുണാകരന്‍, എം.വി ജനാര്‍ദ്ദനന്‍ എന്നിവരും നാട്ടുകാരും ബന്ധുക്കളും സംബന്ധിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."