ഉദ്ഘാടനത്തിനൊരുങ്ങി മലബാര്‍ സി.എച്ച് സെന്റര്‍
കോടിയേരി: മലബാര്‍ സി.എച്ച് സെന്ററിന്റെ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ബഹുനില കെട്ടിടം തലശ്ശേരി കോടിയേരിയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. അവസാനവട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന കെട്ടിടം മെയ് ഏഴിന് വൈകുന്നേരം നാലിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിക്കുമെന്ന് സി.എച്ച് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി കാന്‍സര്‍ സെന്ററില്‍ എത്തുന്ന രോഗികള്‍ക്ക് മരുന്നും ചികിത്സാ സഹായവും ഭക്ഷണവും ഒരുക്കി രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആശ്രയകേന്ദ്രമായി മാറിയ സി.എച്ച് സെന്ററിനു 30,000 ചതുരശ്ര അടിയില്‍ ആറുനില കെട്ടിടമാണ് നിര്‍മാണം പൂര്‍ത്തിയാവുന്നത്. പ്രാര്‍ഥനാ ഹാള്‍, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസത്തിനും വിശ്രമത്തിനും സൗകര്യം, സൗജന്യ നിരക്കിലുള്ള ഫാര്‍മസി, ലാബ് സൗകര്യം, കൗണ്‍സിലിങ് സെന്റര്‍, രോഗികള്‍ക്കുള്ള സൗജന്യ ഭക്ഷണ യൂണിറ്റ്, മയ്യിത്ത് പരിപാലന യൂണിറ്റ് എന്നിവയാണ് ആറുനില കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകാപരമായ ഇടപെടലുകള്‍ നടത്തുന്ന സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ ഇനിയും സഹകരിക്കണമെന്നു സി.എച്ച് സെന്റര്‍ അധ്യക്ഷന്‍ പൊട്ടങ്കണ്ടി അബ്ദുല്ല പറഞ്ഞു. ഉദ്ഘാടന പരിപാടികളുടെ വിജയത്തിനായി പി.പി സലാം കണ്‍വീനറായും എന്‍.എ കരീം കണ്‍വീനറായുമുള്ള കമ്മിറ്റി നിലവില്‍ വന്നു. സി.എച്ച് സെന്റര്‍ ഹാളില്‍ നടന്ന യോഗത്തില്‍ പി.കെ അബ്ദുള്ള ഹാജി അധ്യക്ഷനായി. പി.പി.എ ഹമീദ്, ബലിയില്‍ യൂസഫ് ഹാജി, പി.കെ കുഞ്ഞബ്ദുല്ല ഹാജി, ടി ഖാലിദ്, എ.സി ഇസ്മാഈല്‍, സി.എച്ച് മൂസ ഹാജി, കൊമ്പന്‍ മഹ്മൂദ്, ആര്‍ അബ്ദുല്ല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."