കരിങ്ങോള്‍ചിറയിലെ മത്സ്യസമ്പത്ത് വീണ്ടെടുക്കാന്‍ പ്രതിജ്ഞയെടുത്ത് കരിമീന്‍ ഫെസ്റ്റ്
പുത്തന്‍ചിറ: മനുഷ്യരുടെ തെറ്റായ ഇടപെടലുകള്‍ കാരണം നശിച്ചുപോകുന്ന കരിങ്ങോള്‍ചിറയിലെ മത്സ്യസമ്പത്ത് വീണ്ടെടുക്കാനായി ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'കരിമീന്‍ ഫെസ്റ്റ് 2017' ശ്രദ്ധേയമായി. മനുഷ്യരുടെ അനധികൃത കൈകടത്തലുകള്‍ കാരണം കരിങ്ങോള്‍ചിറയില്‍ കാണപ്പെട്ടിരുന്ന നിരവധി അപൂര്‍വയിനം മത്സ്യങ്ങള്‍ ചാലില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ കരിങ്ങോള്‍ചിറയില്‍ കാണപ്പെട്ടിരുന്ന ഔഷധഗുണമുള്ള മലിഞ്ഞീന്‍, കാരി, മുതുകാടി, കോലാന്‍, മുഷി, ആറ്റുകൊഞ്ച്, പൂളാന്‍, ആരന്‍, കരിമീന്‍ തുടങ്ങിയ മത്സ്യങ്ങളൊന്നും ഇപ്പോള്‍ ഇവിടെനിന്ന് ലഭിക്കുന്നില്ല.
പരമ്പരാഗത മത്സ്യബന്ധന രീതികളില്‍നിന്ന് മാറി അടക്കംകൊല്ലി പോലുള്ള വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം കാരണം മത്സ്യക്കുഞ്ഞുങ്ങളും കുറ്റിയറ്റു പോകുന്നുണ്ട്. ചാലിനോട് ബന്ധപ്പെട്ട കൃഷിയിടങ്ങളില്‍ അമിതമായ അളവില്‍ രാസകീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നതും കരിങ്ങോള്‍ചിറയിലെ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നു. നൂറുകണക്കിനാളുകളാണ് ഫെസ്റ്റില്‍ പങ്കെടുത്തത്. ഫെസ്റ്റ് അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കരിങ്ങോള്‍ചിറയുടെ സമഗ്ര വികസനത്തിനുള്ള പൂര്‍ണ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. കരിങ്ങോള്‍ചിറയില്‍ അടക്കംകൊല്ലി വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കാന്‍ പഞ്ചായത്തിന്റെ അടുത്ത യോഗത്തില്‍ തീരുമാനിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുജിത് ലാല്‍ പറഞ്ഞു. ഫെസ്റ്റില്‍ പങ്കെടുത്തവര്‍ക്ക് കപ്പയും മീന്‍കറിയും വിതരണം ചെയ്തു.
ബീന സുധാകരന്‍, ടി.കെ ഉണ്ണികൃഷ്ണന്‍, സുബീഷ് സി.എ, ഗീത മനോജ്, പി.ഐ നിസാര്‍, വി.എന്‍ രാജേഷ്, വി.എം നദീര്‍, മഹേഷ് മോഹന്‍, എം.പി സോണി, മാങ്കപ്പാടത്ത് സാലിസജീര്‍, യു.കെ വേലായുധന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."