നിക്ഷേപത്തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
കൊടുങ്ങല്ലൂര്‍: എട്ട് കോടിരൂപയുടെ നിക്ഷേപത്തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതിക്കാരെ ക്രൈംബ്രാഞ്ച് സാമ്പത്തിക വിഭാഗം ഡിവൈ.എസ്.പി ടി.പി ഷംസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
പണമിടപാട് സ്ഥാപനത്തിലെ ഇന്‍ഷുറന്‍സ് ഉപദേഷ്ടാവായി ജോലി ചെയ്തിരുന്ന ചെന്ത്രാപ്പിന്നി താനത്തുപറമ്പില്‍ ഹസീന(43), സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ഭര്‍ത്താവ് ഹാരിസ്(45) എന്നിവരെ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജ്യാമത്തില്‍ ഇറങ്ങിയ ഹാരിസ് അസുഖബാധിതനായി മരിക്കുകയായിരുന്നു. പൂല്ലൂറ്റ് സ്വദേശിയായ പ്രവാസി കുടുംബം നിക്ഷേപിക്കാനായി നല്‍കിയ 1.38 കോടി രൂപയും 287 പവന്‍ സ്വര്‍ണവും തിരിച്ചുലഭിച്ചില്ലെന്ന് ആരോപിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ട മറ്റു പരാതിക്കാരും രംഗത്തുവന്നത്.
21 പരാതികളിലായി എട്ട് കോടിരൂപയുടെയും 1,285 പവന്‍ സ്വര്‍ണത്തിന്റെയും തട്ടിപ്പ് നടന്നതായാണ് പൊലിസ് നിഗമനം. വലിയതോതില്‍ പലിശ വാഗ്ദാനം ചെയ്തും ആദ്യഘട്ടങ്ങളില്‍ കൃത്യമായി പലിശയും ആവശ്യക്കാര്‍ക്ക് നിക്ഷേപത്തുകയും എത്തിച്ചും ആളുകളുടെ വിശ്വാസം പിടിച്ചുപറ്റാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. നിക്ഷേപത്തുകയില്‍നിന്ന് 50 ലക്ഷം രൂപ പിന്‍വലിച്ച് തിരികെ നല്‍കണമെന്ന പൂല്ലൂറ്റിലെ പ്രവാസിയുടെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ ഹസീനക്ക് കഴിയാതെ വന്നതോടെയാണ് പൊലിസില്‍ പരാതിയെത്തിയത്. നിക്ഷേപത്തുക ഉപയോഗിച്ച് ഇവര്‍ തീരദേശത്ത് ആറ് ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങുകയും ആര്‍ഭാട ജീവിതം നയിച്ചുവരികയുമായിരുന്നു. ഡോക്ടര്‍മാര്‍, റിട്ട. ഉദ്യോഗസ്ഥര്‍, എന്‍ജിനീയര്‍മാര്‍, പ്രവാസികള്‍ എന്നിവരാണ് കൂടുതലായും തട്ടിപ്പിനിരയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."