ചീയപ്പാറ ബസപകടം; ദേശീയ പാതയില്‍ മുന്‍കരുതലുകള്‍ ഒരുക്കണമെന്ന ആവശ്യം ശക്തം
കോതമംഗലം:ചീയപ്പാറ ബസപകടത്തിന്റെ പശ്ചാതലത്തില്‍ ദേശീയ പാതയില്‍ശക്തമായ മുന്‍കരുതലുകള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമായി.
കഴിഞ്ഞ ദിവസം ചീയപ്പാറക്ക് സമീപമുണ്ടായ വാഹനാപകടം വെറും മുന്നറിയിപ്പ് മാത്രമാണെന്നും മേഖലയിലെ അപടഭീഷണി ശാശ്വതമായി പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ നിരവധി ടൂറിസ്റ്റുകളുടെ സഞ്ചാര പാതയായ കൊച്ചിധനുഷ്‌കോടി ദേശിയപാത കുരുതിക്കളമാവുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
മഴ കനത്തതോടെ തിരക്കേറിയ ഈ ദേശീയപാതയിലെ അപകട സാധ്യത പതിന്‍മടങ്ങ് വര്‍ധിച്ചിരിക്കുയാണെന്നും ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ വന്‍ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടേക്കാമെന്നുമാണ് വാളറ,ചീയപ്പാറ നിവാസികളുടെ ആശങ്ക.
ഒന്നര വര്‍ഷം മുമ്പ് ഭീമന്‍ മലയിടിഞ്ഞ് വീണുണ്ടായ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും വാളറ നിവാസികള്‍ ഇനിയും മുക്തരായിട്ടില്ല.
വാളറ വെള്ളച്ചാട്ടത്തിനു തൊട്ടടുത്തുനിന്നും മലയിടിഞ്ഞ് താഴെ റോഡിലേക്കു പതിക്കുകയായിരുന്നു.ഇവിടെയുണ്ടായിരുന്ന വ്യാപാരസ്ഥാപനങ്ങള്‍ ഒട്ടുമുക്കാലും മലവെള്ളം കൊണ്ടുപോയി. മൂന്നു വ്യാപരികളുള്‍പ്പെടെ അഞ്ചുപേര്‍ ദുരന്തത്തില്‍ മരണമടഞ്ഞു.ദിവസങ്ങള്‍ക്കുശേഷമാണ് പിന്നീട് ഇതുവഴിയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്.
നേര്യമംഗലം മുതല്‍ അടിമാലി വരെയെത്തുന്ന ഭാഗമാണു പ്രധാനമായും അപകടഭീഷിണിയിലായിരിക്കുന്നത്.ഒരുവശം അഗാധമായ ഗര്‍ത്തവും മറുവശം കുത്തനെയുള്ള മലകളുമുള്‍പ്പെടുന്ന ഈ ഭാഗത്ത് മഴ ശക്തിപ്രാപിച്ചതോടെ റോഡ് തകര്‍ന്നും മലയിടിഞ്ഞുവീണും മലമുകളില്‍ നിന്നും വന്‍മരങ്ങള്‍ കടപുഴകി വാഹനങ്ങള്‍ക്കുമേല്‍ പതിച്ചും മറ്റുമുള്ള അപടങ്ങള്‍ക്ക് സാദ്ധ്യത ഏറിയിട്ടുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം കോതമംഗലം ബൈസണ്‍വാലി റൂട്ടിലോടുന്ന മരിയ ബസ് ചീയപ്പാറക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞതാണ് ഈ മേഖലയിലെ ഒടുവിലത്തെ അപകടം.
ഇവിടെ 20 അടിയോളം താഴ്ചയില്‍ ബസ്സ് മരത്തില്‍ തട്ടി നിന്നതുകൊണ്ട് മാത്രമാണ് ഒരുവന്‍ ദുരന്തം ഒഴാവായത്.എതിരെ എത്തിയ കെ.എസ്.ആര്‍ ടി.സി ബസിന് സൈഡുകൊടുക്കവെ റോഡിന്റെ ഓരംഇടിഞ്ഞ് ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നെന്നാണ് അപകടത്തേത്തുടര്‍ന്ന് പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ നിന്നും ലഭിച്ച വിവരം.
ഒന്നര ദശാബ്ദം മുന്‍പ് ഇവിടെ സ്വകാര്യ ബസ് റോഡ് തകര്‍ന്ന് കൊക്കയില്‍പതിച്ചുണ്ടായ അപകടത്തില്‍ 11 പുരുഷന്‍മാരും 8 സ്ത്രികളും ഒരു കുഞ്ഞും മരണപ്പെട്ടിരുന്നു. അന്ന് ഭീമന്‍ ആലിനും അരയാലിനും ഇടയിലൂടെയാണ് ബസ് മലക്കം മറിഞ്ഞ് തോട്ടില്‍ പതിച്ചത്.എതാനും അടി പുറകിലോ മുന്‍പിലോ ആയിരുന്നു ബസ് മറിഞ്ഞതെങ്കില്‍ ആലിലോ അരയാലിലോ തട്ടി ബസ് നില്‍ക്കുകയും ദുരന്തം ഒഴിവാകുകയും ചെയ്യുമായിരുന്നു.നേരത്തെ ഓടിക്കൊണ്ടിരുന്ന കാറില്‍ മലമുകളില്‍ നിന്നും മരം ഒടിഞ്ഞ് അന്യ സംസ്ഥാനക്കാരായ മൂന്ന് വിനോദ സഞ്ചാരികളും മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."