സി.പി.എമ്മിന്റെ അസഹിഷ്ണുത ജനം തിരിച്ചറിയണം: ലീഗ്
കണ്ണൂര്‍: ജനകീയമായി നടത്തുന്ന ജീവകാരുണ്യ സംരംഭങ്ങളോടുമുള്ള സി.പി.എമ്മിന്റെ അസഹിഷ്ണുത ജനം തിരിച്ചറിയണമെന്നു മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി. കേരളത്തിലുടനീളമുള്ള സി.എച്ച് സെന്ററുകള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്ച പള്ളികള്‍ക്കു പുറത്തുവച്ച് ഫണ്ട് സമാഹരണം നടത്തിയതിന്റെ പേരില്‍ പള്ളികള്‍ക്കകത്തു വച്ച് മുസ്ലിംലീഗുകാര്‍ നിയമവിരുദ്ധമായി ഫണ്ട് പിരിച്ചെന്ന് ആരോപിച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് നടത്തിയ പ്രസ്താവന തികച്ചും അടിസ്ഥാനരഹിതവും ദുരുദ്യേശത്തോടെയുമാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തിനായി പള്ളികള്‍ക്കകത്ത് വച്ച് ഫണ്ട് പിരിക്കുന്ന രീതി ലീഗിനില്ല.
അത്തരത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പോലും പള്ളികള്‍ക്കകത്ത് വച്ച് പണംപിരിക്കാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുമില്ല. ആതുരസേവന രംഗത്തുള്ള സി.എച്ച് സെന്ററിനായി വര്‍ഷങ്ങളായി റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച പ്രവര്‍ത്തകര്‍ വീടുകളും കടകളും കേന്ദ്രീകരിച്ചും ജുമുഅ നമസ്കാരാനന്തരം പള്ളികള്‍ക്കു പുറത്തുവച്ചും ഫണ്ട് ശേഖരിക്കാറുണ്ട്.
രാഷ്ട്രീയ ഭേദമന്യേ രോഗികള്‍ക്കു സൗജന്യചികില്‍സയും സഹായങ്ങളും ചെയ്യുന്ന സ്ഥാപനമാണു സി.എച്ച് സെന്റര്‍. സങ്കുചിതയായ രാഷ്ട്രീയലാഭത്തിനായി ഇത്തരം സ്ഥാപനങ്ങളുടെ വരുമാനം മുട്ടിക്കാനുള്ള സി.പി.എമ്മിന്റെ കുല്‍സിതനീക്കം ജനം തിരിച്ചറിയണം. രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്തുന്നതിനാണു പെരിങ്ങോം പെടേനയിലും തളിപ്പറമ്പ് പൂവത്തും ഫണ്ട് ശേഖരണം തടസപ്പെടുത്താന്‍ ശ്രമമുണ്ടായത്. അത് ഉത്തരാവാദപ്പെട്ട രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കുന്നത് ഖേദകരമാണെന്നും കരീം ചേലേരി പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."