സ്വകാര്യവ്യക്തി പാടം നികത്തി; റോഡ് വെള്ളത്തിലായി
പൊന്നാനി: സ്വകാര്യവ്യക്തി പാടം നികത്തി മണ്ണിട്ട് ഉയര്‍ത്തി മതില്‍ കെട്ടിയതോടെ റോഡ് വെള്ളത്തിനടിയിലായി. പൊന്നാനി നൈതല്ലൂരിനെയും കോട്ടത്തറയേയും ബന്ധിപ്പിക്കുന്ന റോഡാണ് മഴക്കാലത്ത് കുളമായി മാറുന്നത്.
പൊന്നാനി ഈഴുവത്തിരുത്തി വില്ലേജ് റോഡില്‍നിന്ന് നൈതല്ലൂരിലേക്ക് പോകുന്ന റോഡില്‍ കെ.ഇ.എ.എല്‍.പി, സ്‌കൂളിന് സമീപത്താണ് പാടം നികത്തിയതിനാല്‍ റോഡ് വെള്ളത്തിനടിയിലായത്. നേരത്തെ മഴക്കാലത്ത് പാടത്ത് വെള്ളം സംഭരിക്കുകയും ഇത് തൊട്ടടുത്ത കാനയിലേക്ക് ഒഴുകി പോകുകയുമായിരുന്നു. എന്നാല്‍ പാടം മതില്‍ കെട്ടി അടച്ചതോടെ വെള്ളത്തിന്റെ ഒഴുക്ക് നിലക്കുകയും മഴവെള്ളം റോഡില്‍ കെട്ടിക്കിടക്കുകയുമാണ്. പാടം നികത്തുന്ന സമയത്ത് തന്നെ നാട്ടുകാര്‍ വില്ലേജ് ഓഫിസിലും നഗരസഭയിലും ആര്‍.ഡി.ഒക്കും പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാടം നികത്തുന്ന സമയത്ത് വെള്ളം ഒഴുകിപ്പോകാന്‍ താല്‍ക്കാലിക ചാല്‍ നിര്‍മിച്ചിരുന്നെങ്കിലും പാടം നികത്തിയതോടെ ഈ ചാല്‍ മണ്ണിട്ട് മൂടി. ഇപ്പോള്‍ ചെറിയ മഴ പെയ്താല്‍ പോലും റോഡില്‍ വെള്ളം നിറഞ്ഞ് ഗതാഗതം ദുസ്സഹമാവുകയാണ്. വിഷയത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."