450 ഏക്കര്‍ നെല്ല് വെള്ളത്തില്‍; നെഞ്ചുപൊട്ടി കര്‍ഷകര്‍
ചങ്ങരംകുളം: ഒറ്റ രാത്രിയിലെ മഴ തുരുത്തുമ്മല്‍ കോള്‍പടവിലെ കര്‍ഷകരെ കണ്ണീരണിയിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ച കൊയ്ത്ത് ആരംഭിക്കാനിരുന്ന കോള്പടവിലാണു വെള്ളം നിറഞ്ഞ് കൊയ്ത്ത് മുടങ്ങിയത്. രണ്ടു തവണ ബണ്ടു തകര്‍ന്നതുമൂലം കൃഷിയിറക്കാന്‍ വൈകിയതാണു വിളവെടുപ്പ് വൈകാന്‍ ഇടയാക്കിയത്. 450 ഏക്കര്‍ കൃഷിയിടത്തില്‍ വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണു കര്‍ഷകര്‍ക്കുണ്ടായത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ബണ്ട് തകര്‍ന്നു കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലാണ് ഇത്തവണ കൃഷിയിറക്കിയത്. ബണ്ട് തകര്‍ന്നിട്ടും കൃഷി ചെയ്യാന്‍ കോള്‍പടവ് കമ്മിറ്റിയും കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറും പൊന്നാനി എം.എല്‍.എയും നിയമസഭ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണനും സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്.
കാലവര്‍ഷം നേരത്തെ, ആരംഭിച്ചാല്‍ കൊയ്യാന്‍ കഴിയില്ലെന്ന് കര്‍ഷകര്‍ക്ക് നേരത്തെ ആശങ്കയുണ്ടായിരുന്നു.
മുന്‍ വര്‍ഷങ്ങളിലെ കൃഷിനാശത്തിനു നഷ്ടപരിഹാരം നല്കുമെന്നു പ്രഖ്യാപനങ്ങളുണ്ടായെങ്കിലും നാളിതുവരെ ലഭിച്ചിട്ടില്ല. നഷ്ടങ്ങള്‍ സഹിച്ചും കൃഷിയിറക്കിയ കര്‍ഷകരാണു ദുരിതത്തിലായത്. വെള്ളം വറ്റിക്കാനായി കൂടുതല്‍ മോട്ടോറുകള്‍ എത്തിച്ചു പമ്പിങ് തുടങ്ങിയിട്ടുണ്ടെങ്കിലും മേല്‍ ഭാഗങ്ങളില്‍ നിന്ന് ഇറങ്ങിയ വെള്ളം കോളില്‍ ഉയരുകയാണ്.
കൃഷിനശിച്ച കര്‍ഷകര്‍ക്കു അര്‍ഹമായ ആനുകൂല്യം നല്കാന് അധികൃതര്‍ തയാറാകണമെന്നു പൊന്നാനി കോള്‍ സംരക്ഷണസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിള ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ഹെക്ടറിന് മുപ്പത്തയ്യായിരം രൂപയാണ് ലഭിക്കുക. എന്നാല്‍ ഒരു ഏക്കറിന് ഇരുപത്തയ്യായിരം രൂപക്ക് മുകളില്‍ കര്‍ഷകര്‍ക്ക് ഇതിനകം ചെലവ് വന്നു കഴിഞ്ഞു. കൊയ്യാന്‍ എത്തിയ കൊയ്ത്ത് യന്ത്രങ്ങളും മറ്റും ഇപ്പോഴും കരയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ലക്ഷങ്ങള്‍ എല്ലാ കൊല്ലവും നഷ്ടം വന്നാലും കൃഷിയെന്ന പൂര്‍വികര്‍ നല്കിയ വെളിച്ചത്തെ കെടാതെ കാക്കുകയാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."