പാണക്കാടും പാലായും തമ്മില്‍ അടുത്ത ബന്ധം: മാണി മാണി പ്രതിസന്ധികളില്‍ കൂടെനിന്ന നേതാവെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാലായും പാണക്കാടും തമ്മില്‍ അടുത്ത ബന്ധമാണെന്നും മുസ്‌ലിംലീഗിന്റെ മതേതരത്വ നിലപാടിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ തങ്ങളുടെ പിന്തുണയെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി.
ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസും ലീഗുമായുള്ള ബന്ധത്തിന് അര നൂറ്റാണ്ടിന്റെ ആഴമുണ്ട്. കേരളത്തില്‍ വേറിട്ടൊരു രാഷ്ട്രീയമാണ് ലീഗ് കാഴ്ചവച്ചിട്ടുള്ളത്. കേരളത്തിന്റെ വികസനത്തിന് ലീഗിന്റെ സംഭാവന വളരെ വലുതാണെന്നും എത്ര രൂക്ഷമായ പ്രശ്‌നത്തിനും സമവായം കണ്ടെത്താന്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കുള്ള കഴിവ് അപാരമാണെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ശാക്തീകരണത്തിനു മുന്നില്‍നില്‍ക്കുന്ന മുസ്‌ലിംലീഗും പി.കെ കുഞ്ഞാലിക്കുട്ടിയും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അദ്ദേഹത്തിനു പിന്തുണ നല്‍കാന്‍ കേരളാ കോണ്‍ഗ്രസിനും മറ്റൊന്നും ആലോചിക്കാനില്ലെന്നും കെ.എം മാണി പറഞ്ഞു.
രാഷ്ട്രീയ പ്രതിസന്ധികളില്‍ എന്നും കൂടെനിന്ന നേതാവാണ് കെ എം മാണിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറുന്ന ബന്ധമല്ല അദ്ദേഹവുമായുള്ളത്. കേരളാ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പിലും പിന്തുണയും പ്രാര്‍ഥനയും നല്‍കിയത് ഏറെ സന്തോഷം പകരുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചാണ് കുഞ്ഞാലിക്കുട്ടി വേദി വിട്ടത്. എ.കെ ശശീന്ദ്രന്റെ രാജി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിമാരുടെ തുടരെയുള്ള രാജി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കുന്ന ഒന്നാണെന്ന് അദ്ദേഹം പ്രതികരിച്ചു.
പരിപാടിയില്‍ പി.എം ജോണി അധ്യക്ഷനായി. പി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജോസ് കെ. മാണി എം.പി, ജോയ് എബ്രഹാം എം.പി, മോന്‍സി ജോസഫ് എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, തോമസ് ഉണ്ണിയാടന്‍, ജോസഫ് എം. പുതുശ്ശേരി, പി.ടി ജോസഫ്, ചാണ്ടി മാസ്റ്റര്‍, കെ.ജെ ദേവസ്യ, ജോബി മാസ്റ്റര്‍, അഡ്വ. ജോസ് ജോസഫ്, സജി മഞ്ഞക്കടമ്പന്‍, മുഹമ്മദ് ഇഖ്ബാല്‍, കെ.പി.എ നസീര്‍, പി.വി ജോണി, കെ.എം ഇഗ്‌ന്യേഷ്യസ്, മേഴ്‌സി ജെയിംസ്, ആന്‍സി ജോയി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."