വെട്ടത്തൂര്‍ പി.എച്ച്.സിയില്‍ നൂറിലേറെ രോഗികള്‍ക്ക് ഒരു ഡോക്ടര്‍ മാത്രം
വെട്ടത്തൂര്‍: ദിനംപ്രതി നൂറിലധികം രോഗികള്‍ ചികിത്സക്കെത്തുന്ന വെട്ടത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഡോക്ടര്‍മാരുടെ കുറവുമൂലം താളംതെറ്റുന്നു. രണ്ട് ഡോക്ടര്‍മാരുണ്ടായിരുന്നിടത്ത് നിലവില്‍ ഇവിടെയുള്ളത് ഒരു ഡോക്ടറാണ്. ഇതോടെ ചില ദിവസങ്ങളില്‍ ഡോക്ടര്‍ അവധിയെടുക്കുന്നതും എത്താന്‍ വൈകുന്നതും മൂലം അതിരാവിലെ എത്തുന്ന പ്രായം ചെന്ന രോഗികള്‍പോലും മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കാതെ പ്രശ്‌നത്തിനു പരിഹാരമാകില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഒരു ഡോക്ടര്‍ ഒരു ദിവസം തുടര്‍ച്ചയായി 150 ഓളം രോഗികളെ പരിശോധിക്കേണ്ട അവസ്ഥയാണു നിലവിലുള്ളത്. ഇതിനിടെ ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ യോഗങ്ങളിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഡോക്ടര്‍മാര്‍ക്കു പങ്കെടുക്കേണ്ടതുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഡ്യൂട്ടിയിലുള്ളവര്‍ അവധിയെടുക്കുകയോ എത്താന്‍ വൈകുകയോ ചെയ്താല്‍ രോഗികള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ഇതു ജോലിയിലുള്ള അലംഭാവമാണെന്നു വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇവിടെ സ്ഥിര നിയമനത്തിലൂടെയുള്ള ഫാര്‍മസിസ്റ്റ് ഇല്ലാതായിട്ടും മാസങ്ങളായി. നേരത്തെയുണ്ടായിരുന്ന ഫാര്‍മസിസ്റ്റിനെ സ്റ്റോര്‍ കീപ്പറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നുവെങ്കിലും പകരം നിയമനം നടത്തിയിട്ടില്ല. ഇപ്പോള്‍ താല്‍ക്കാലികമായി നിയമിച്ച ഒരാളുടെ സേവനമാണുള്ളത്.
പുതിയ പകര്‍ച്ചവ്യാധി രോഗങ്ങള്‍ നാടുമുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. സ്റ്റാഫ് പാറ്റേണ്‍ അടിയന്തരമായി പരിഷ്‌കരിച്ച് ആവശ്യത്തിന് ഡോക്ടര്‍മാരെയും അനുബന്ധ ജോലിക്കാരെയും നിയമിക്കണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."