വീണ്ടും ചെമ്മണ്ണ് കടത്ത്; പ്രദേശവാസികള്‍ ഭീതിയില്‍
ചാരുംമൂട്: അനധികൃത ചെമ്മണ്ണ് കടത്ത് പ്രദേശത്ത് വീണ്ടും സജീവമായിട്ടും അനക്കമില്ലാതെ അധികൃതര്‍. കെ.പി റോഡ് വഴിയും ഗ്രാമപ്രദേശങ്ങളിലെ ഉള്‍വഴികളിലൂടെയും പുലര്‍ച്ചെ മുതല്‍ ചെമ്മണ്ണുമായി ടിപ്പര്‍ ലോറികള്‍ പരക്കംപായുകയാണ്.
മതിയായ രേഖകളും മറ്റും ഇല്ലാതെ ഇത്തരത്തില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് ചെമ്മണ്ണ് കടത്ത് സജീവമായിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.
മണ്ണ് ലോബികളുടെ സഹായികളായി വിവിധ റവന്യു വകുപ്പ് ജീവനക്കാര്‍ ഉള്ളതിനാലാണ് പരിശോധന പോലും നടത്താന്‍ അധികൃതര്‍ തയാറാകാത്തതെന്നും ആക്ഷേപമുണ്ട്. അനധികൃതമായി നെല്പാടങ്ങള് നികത്തുവാനും ഇത്തരത്തില്‍ കടത്തുന്ന ചെമ്മണ്ണ് ഉപയോഗിക്കുന്നതായി പരാതിയുണ്ട്.
ചാരുംമൂട്, ആദിക്കാട്ടുകുളങ്ങര, ചുനക്കര, താമരക്കുളം തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി തോതില്‍ ചെമ്മണ്ണ് കടത്തുന്നത്. രാഷ്ട്രീയപാര്‍ട്ടികളുടെ ഒത്താശയും ഇതിന് പിന്നിലുള്ളതായും നാട്ടുകാര്‍ പറയുന്നു.
മുന്‍പ് ഈ പ്രദേശങ്ങളില്‍ വ്യാപകമായി മണ്ണെടുപ്പ് ഉണ്ടായതിനെ തുടര്‍ന്ന് വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു.
ടിപ്പര്‍ ലോറികളില്‍ കെ.പി റോഡ് വഴി ചെമ്മണ്ണ് കടത്ത് സജീവമായപ്പോള്‍ പരാതികളെ തുടര്‍ന്ന് അന്ന് പരിശോധനകളും മറ്റും നടത്തിയിരുന്നു. തുടര്‍ന്ന് ചെമ്മണ്ണ് കടത്തിനെതിരേ ജില്ലാ ഭരണകൂടവും ഇടപെട്ടിരുന്നു.
ജില്ലയുടെ കിഴക്കന്‍ പ്രദേശമായ പാലമേല്‍ പഞ്ചായത്ത് പരിധിയിലെ മിക്ക പ്രദേശങ്ങളും മണ്ണുമാഫിയകള്‍ വിലയ്ക്കെടുത്തിരിക്കുകയാണ്. ആദിക്കാട്ടുകുളങ്ങര മേട്ടുംപുറം പള്ളിയുടെ സമീപത്തുനിന്ന് മണ്ണെടുക്കുന്നതിനിടെ ഇടിഞ്ഞുവീണ് അപകടങ്ങളും ഉണ്ടായിരുന്നു. അന്ന് പ്രതിഷേധങ്ങള്‍ കനത്തതോടെ മണ്ണെടുപ്പ് നിരമപത്തിവച്ചിരിക്കുകയായിരുന്നു. ഒരിടവേളയ്ക്കുശേഷം ഇപ്പോള്‍ വീണ്ടും പ്രദേശത്ത് അനധികൃത ചെമ്മണ്ണുമായി നിരവധി ടിപ്പര്‍ ലോറികള്‍ പായുന്നത് നാട്ടുകാരില്‍ ഭീതി പടര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."