മെഡിക്കല്‍ കൗണ്‍സില്‍ അപേക്ഷ നിരാകരിച്ചത് സര്‍ക്കാരിന്റെ അനാസ്ഥ: പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: 2017-2018 അധ്യയനവര്‍ഷം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് അനുമതിക്കായുള്ള അപേക്ഷ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വീണ്ടും നിരാകരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും അനാസ്ഥയും മൂലമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കഴിഞ്ഞ 21ന് ചേര്‍ന്ന മെഡിക്കല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് അപേക്ഷ വീണ്ടും നിരാകരിച്ചത്. 2016 ഡിസംബര്‍ 22ന് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയ അതേ കാരണങ്ങള്‍ പറഞ്ഞാണ് ഇപ്പോഴും അപേക്ഷ നിരാകരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം പാരിപ്പള്ളി മെഡിക്കല്‍ കോളജിന് വിനയാവുകയായിരുന്നെന്നെന്നും എം.പി പറഞ്ഞു.
അനുമതി നല്‍കുന്നതിനായി മെഡിക്കല്‍ കൗണ്‍സിലിന്റെ മുന്‍ റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് പുനഃപരിശോധന നടത്തിയെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ അനുമതിക്കായി ശുപാര്‍ശ ചെയ്തില്ല. ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ച്ച് 21ലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത് സര്‍ക്കാരിന്റെ മനഃപൂര്‍വമായ വീഴ്ച കൊണ്ടാണെന്നും സെക്രട്ടറിക്കും എം.പി നല്‍കിയ നിവേദനത്തില്‍ ഈ വര്‍ഷം തന്നെ കോളജ് ആരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിച്ച് റിപ്പോര്‍ട്ട് പുനഃപരിശോധിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിലൂടെ ഒരവസരം കൂടി ലഭ്യമായിട്ടും നിയമവ്യവസ്ഥകള്‍ പാലിച്ച് നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനുണ്ടായ പരാജയമാണ് കോളജിനെതിരെ തീരുമാനം കൈക്കൊള്ളാന്‍ കാരണം.
മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയില്‍ ആശുപത്രിയിലുണ്ടായ കുറവുകളാണ് ഗൗരവതരമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ വിലയിരുത്തുന്നു. പരിശോധനയെ സംബന്ധിച്ച് കാലേകൂട്ടി അറിവുണ്ടായിരുന്നിട്ടും ആശുപത്രിയില്‍ സൗകര്യമൊരുക്കിയില്ല. പരിശോധന നടത്തി കുറവുകള്‍ അന്നുതന്നെ ബോധ്യപ്പെടുത്തിയിട്ടും കുറവുകള്‍ നികത്തി മെഡിക്കല്‍ കൗണ്‍സിലിന് കംപ്ലയിന്റ്‌സ് റിപ്പോര്‍ട്ട് നല്‍കിയില്ല. സ്വകാര്യ മെഡിക്കല്‍ കോളജ് ലോബിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അവരുടെ താല്പര്യ സംരക്ഷകരായ ഉദ്യോഗസ്ഥരെ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളില്‍ വഴിവിട്ട് നിയമനം നടത്തി കോളജിനെ അട്ടിമറിച്ച സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണ്. ഈ വര്‍ഷം കോളേജിന് അനുമതി നേടിയെടുക്കുവാനും ആശുപത്രി മെഡിക്കല്‍ കോളേജിന്റെ നിലവാരത്തില്‍ പ്രവര്‍ത്തിപ്പിക്കുവാനും സംസ്ഥാന സര്‍ക്കാരിന് കഴിയില്ലായെങ്കില്‍ കോളജ് ഇ.എസ്.ഐ കോര്‍പ്പറേഷന് മടക്കി നല്‍കാനുള്ള ഔചിത്യമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."