പരീക്ഷാ കേന്ദ്രത്തിലേക്ക് ജനപ്രവാഹം: ഏറ്റുമാനൂര്‍ സ്തംഭിച്ചു
ഏറ്റുമാനൂര്‍ : തവളക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തിലേക്ക് നൂറുകണക്കിനാളുകള്‍ ഒന്നിച്ചെത്തിയത് ഏറ്റുമാനൂര്‍ നഗരം സ്തംഭനാവസ്ഥയിലാക്കി. ശനിയാഴ്ച രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി വൈകിയും അവസാനിച്ചില്ല.
എം.സി.റോഡില്‍ കാരിത്താസ് മുതല്‍ പട്ടിത്താനം വരെയും പാലാ റോഡിലും വൈക്കം റോഡിലും വന്‍ ഗതാഗതക്കുരുക്ക് ആണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം വേണ്ടിവന്നു വാഹനങ്ങള്‍ക്ക് ഏറ്റുമാനൂര്‍ ടൗണ്‍ കടക്കാന്‍. കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മറ്റും രോഗികളെയും കൊണ്ടുപോയ ആംബുലന്‍സുകളും ഈ ഗതാഗതക്കുരുക്കില്‍ പെട്ടത് പ്രതിഷേധത്തിനിടയാക്കി.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കുട്ടികളാണ് പരീക്ഷ എഴുതാന്‍ സ്വകാര്യ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ ഈ കേന്ദ്രത്തില്‍ എത്തുന്നത്.
കുട്ടികളോടൊപ്പം സ്ഥാപനത്തില്‍ എത്തുന്ന രക്ഷകര്‍ത്താക്കള്‍ക്ക് വിശ്രമിക്കാനോ ഇവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ ഇവിടെ സൗകര്യമില്ല. എം.സി.റോഡിന്റെ ഇരു വശങ്ങളിലും കാറുകള്‍ നിറഞ്ഞതോടെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു തുടങ്ങിയത്. ഒരു ഉത്സത്തിനെന്ന പോലെ തടിച്ചു കൂടിയ രക്ഷകര്‍ത്താക്കള്‍ വിശ്രമിക്കാനിടമില്ലാതെ റോഡിലേക്കിറങ്ങിയത് കൂനിന്‍മേല്‍ കുരുവെന്ന പോലായി. ഇത്ര വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടും നിയന്ത്രിക്കാന്‍ പോലീസോ സ്ഥാപനത്തിന്റെ നടത്തിപ്പുകാരോ തയ്യാറായില്ലെന്ന് നാട്ടുകാരും വ്യാപാരികളും പരാതിപ്പെടുന്നു. എന്നാല്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനാവാതെ വന്നിട്ടും ഇത് എല്ലാ ശനിയാഴ്ചയും ഉള്ള പതിവ് കുരുക്ക് ആണെന്നായിരുന്നു പോലീസ് ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."