ഏറ്റുമാനൂര്‍ നഗരസഭയില്‍ ജാഗ്രതോത്സവം പ്രാവര്‍ത്തികമായില്ല
ഏറ്റുമാനൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മഴയ്ക്കു മുന്‍പ് നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്ന ജാഗ്രതോത്സവം മഴ ശക്തി പ്രാപിച്ചിട്ടും ഏറ്റുമാനൂര്‍ നഗരസഭയില്‍ നടപ്പായില്ല.
തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ നഗരസഭയില്‍ രണ്ട് മാസം മുമ്പ് ലഭിച്ചിരുന്നുവത്രേ. എന്നാല്‍ ഇതുവരെ കൗണ്‍സില്‍ യോഗങ്ങളിലോ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലോ സര്‍ക്കാരിന്റെ വളരെ പ്രധാനപ്പെട്ട ഈ സര്‍ക്കുലര്‍ എത്തിയില്ല. മഴക്കാലത്ത് വിവിധ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതില്‍ നിന്നും ജാഗ്രത പാലിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കേണ്ട ശുചീകരണവും അനുബന്ധപ്രവര്‍ത്തനങ്ങളും ഉള്‍കൊള്ളിച്ചുള്ളതാണ് ജാഗ്രതോത്സവം. റസിഡന്റ്‌സ് അസോസിയേഷന്‍, സാമൂഹ്യ സാംസ്‌കാരിക സംഘാടനാ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് മഴയ്ക്കു മുമ്പേ പരിപാടി സംഘടിപ്പിക്കാനുള്ള നടപടികള്‍ ഏറ്റുമാനൂരില്‍ ഇനിയുമായില്ല.
നഗരസഭയില്‍ എത്തുന്ന ഓരോ സര്‍ക്കുലറും സെക്രട്ടറി അടുത്ത കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കേണ്ടതാണ്. അടിയന്തിരസ്വഭാവമുള്ളതാണെങ്കില്‍ ചെയര്‍മാന്റെ അനുമതിയോടെ ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന് കൈമാറണം. മഴയ്ക്കുമുമ്പ് നടപ്പിലാക്കേണ്ട ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മാസങ്ങള്‍ക്ക് എത്തിയിട്ടും ഇതൊന്നും ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ നഗരസഭയ്ക്കു കഴിഞ്ഞിട്ടില്ല.
സെക്രട്ടറിയും ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും തമ്മിലുള്ള വടംവലിയില്‍ നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നത് കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.സംഭവം വിവാദമായതോടെ മാസങ്ങള്‍ക്ക് മുമ്പ് നഗരസഭയില്‍ എത്തിയ അഞ്ച് സര്‍ക്കുലറുകള്‍ ശനിയാഴ്ച നടന്ന ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു. ജാഗ്രതോത്സവം ഉള്‍പ്പെടെ പതിനഞ്ചോളം സര്‍ക്കുലറുകള്‍ ഇനിയും തങ്ങള്‍ക്ക് ലഭിക്കുവാനുണ്ടെന്നാണ് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പറയുന്നത്. ശനിയാഴ്ച ചര്‍ച്ചയ്‌ക്കെത്തിയതില്‍ മഴക്കാലപൂര്‍വ്വശുചീകരണം, ഗ്രീന്‍ പ്രോട്ടോക്കോള്‍, ഹോട്ടല്‍ റെയ്ഡ് തുടങ്ങിയവ സംബന്ധിച്ച സര്‍ക്കുലറുകളാണ് ഉണ്ടായിരുന്നത്. ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ മഴക്കാലശുചീകരണപ്രവര്‍ത്തനങ്ങള്‍ എല്ലാ വാര്‍ഡിലും പൂര്‍ത്തിയാക്കണമെന്നാണത്രേ നിര്‍ദ്ദേശം. മഴ ശക്തി പ്രാപിച്ചിട്ടും ഈ പ്രവര്‍ത്തനങ്ങള്‍ പല വാര്‍ഡുകളിലും തുടങ്ങിയിട്ടുപോലുമില്ല.ചില വാര്‍ഡുകളില്‍ കുറച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് നല്‍കാനുള്ള വേതനം നഗരസഭ ഇതുവരെ കൈമാറിയിട്ടില്ല. മൂപ്പത്തഞ്ച് വാര്‍ഡുകളാണ് ഏറ്റുമാനൂര്‍ നഗരസഭയില്‍ ഉള്ളത്. ശുചിത്വമിഷന്‍, എന്‍ ആര്‍എച്ച്എം എന്നിവരുടെ വീതമായി പതിനായിരം രൂപ വീതവും നഗരസഭയുടെ വീതമായി 5000 രൂപയും ഉള്‍പ്പെടെ 25000 രൂപ ശുചീകരണപ്രവര്‍ത്തനത്തിനായി ഓരോ വാര്‍ഡിനും അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ ഈ തുക നഗരസഭയില്‍ എത്തിയോ എന്നോ എങ്ങനെ ചെലവഴിക്കണമെന്നോ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയെ അറിയിച്ചിട്ടില്ല. ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ നടക്കേണ്ട ശുചീകരണപ്രവര്‍ത്തനത്തിന് മെയ് 30ന് ചേരുന്ന കൗണ്‍സിലില്‍ ആണ് ഇനി തീരുമാനമെടുക്കാനാവുക. അതിനു ശേഷം പദ്ധതി നടപ്പാക്കാന്‍ ലഭിക്കുന്നത് ആകെ മൂന്ന് ദിനങ്ങള്‍ മാത്രം.നഗരമധ്യത്തില്‍ ചിറക്കുളവും പടിഞ്ഞാറെനട കുടിവെള്ളപദ്ധതിയ്ക്കായി നിര്‍മ്മിച്ച് വലിയ കിണറും ഉള്‍പ്പെടെയുള്ള ജലസ്‌ത്രോതസുകള്‍ മാലിന്യം നിറഞ്ഞ് കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറി. കൊതുകുകളെ തുരത്താന്‍ മരുന്നടിച്ചതിന് നഗരസഭ ഇതുവരെ പണം നല്‍കാത്തതിനാല്‍ ആ പ്രവര്‍ത്തനവും പാതിവഴിയില്‍ മുടങ്ങി. ഹോട്ടലുകളിലെ പരിശോധന കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടന്നത് ആകെ മൂന്ന് തവണ മാത്രം. നഗരസഭാ ഓഫീസ് ഉള്‍പ്പെടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശവും ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റിക്ക് ലഭിച്ചത് ശനിയാഴ്ച. നഗരസഭയില്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സെക്രട്ടറി തടസം നില്‍ക്കുന്നതിന് പ്രധാന ഉദാഹരണങ്ങളാണ് ഇവയെന്ന് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് ആവര്‍ത്തിക്കുന്നു. 30ന് നടക്കുന്ന കൗണ്‍സിലില്‍ തങ്ങള്‍ ഈ വിഷയം അവതരിപ്പിക്കുമെന്നും അനുകൂലനടപടിയായില്ലെങ്കില്‍ പ്രക്ഷോഭപരിപാടികള്‍ക്ക് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."