മേളയില്‍ അട്ടപ്പാടിയിലെ പലയിനം ചെറുധാന്യങ്ങളുടെ കൗതുക കാഴ്ച
പാലക്കാട്: കാര്‍ഷിക- മൃഗപരിശീലന വൈവിധ്യത്തില്‍ പേരുകേട്ട അട്ടപാടിയിലെ പലയിനം ചെറുധാന്യങ്ങളുടെ കൗതുക കാഴ്ചയാണ് നവകേരളം 2018 പ്രദര്‍ശന - വിപണന മേളയില്‍ ഒരുക്കിയിട്ടുള്ളത്. ചോളം, റാഗി, തിന, ചാമ, നരഗ്, ധാന്യചീര തുടങ്ങിയ പലയിനം ചെറുധാന്യങ്ങളുടെ ചെടികള്‍, ഉരലും ഉലക്കയും, ധാന്യ സംഭരണി, മുറം, തിരികല്ല് തുടങ്ങിയ പരമ്പരാഗത വീട്ടുപകരണങ്ങള്‍, സുണ്ടിവില്ല്, എലികത്രിക തുടങ്ങിയ പക്ഷികളെ വേട്ടയാടാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
'ഭാവിയുടെ ഭക്ഷണമായി' വിശേഷിപ്പിക്കപ്പെടുന്ന ചെറുധാന്യങ്ങളുടെ കൃഷിയെ പുനരുജ്ജീവിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് കേരള കൃഷിവകുപ്പിന്റെയും, പട്ടികവര്‍ഗ ക്ഷേമവകുപ്പിന്റെയും സഹകരണത്തോടെ ് കേരള സര്‍ക്കാരിന്റെ മിലറ്റ് ഗ്രാമം പദ്ധതി നടപ്പിലാക്കിയത്. 2017 ലാണ് ചെറുധാന്യ ഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പലയിനം ചെറുധാന്യങ്ങള്‍, നാടന്‍ പയറിനങ്ങള്‍, പലത്തരം ഇലക്കറികള്‍ എന്നിവയൊക്കെ അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായിരുന്നു. ഇതുതന്നെയായിരുന്നു ഇവരുടെ ആരോഗ്യത്തിനും മുതല്‍ക്കൂട്ടായിരുന്നത്. എന്നാല്‍ സാമൂഹിക ജീവിതത്തിലും കാലാവസ്ഥയിലുണ്ടായ വ്യത്യാസങ്ങള്‍ കൃഷിയിലും ഭക്ഷണശീലത്തിലും മാറ്റങ്ങളുണ്ടാക്കി.
ഇവിടുത്തെ ഗോത്രവര്‍ഗക്കാരുടെ ഭക്ഷ്യശീലത്തില്‍ ചെറുധാന്യങ്ങള്‍ തിരിച്ചു കൊണ്ടുവന്നാല്‍ ശിശു-സ്ത്രീ എന്നിവരുടെ ആരോഗ്യ പ്രശ്‌നങ്ങളെ പരിധിവരെ നിയന്ത്രിക്കാനാവുമെന്ന ഉദ്ദേശത്തിലാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. അട്ടപ്പാടിയെ ചെറുധാന്യങ്ങളുടെ കേന്ദ്രമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇരുള, മുഡുഗ, കുറുമ്പ ഗോത്രവിഭാഗത്തില്‍പ്പെട്ട അട്ടപാടിയിലെ നാല്‍പത്തിയഞ്ചു ഊരുകളാണ് ഈ പദ്ധതിയുടെ ഭാഗമായിരിക്കുന്നത്.
ഈ സീസണില്‍ 750 ഏക്കറില്‍ ചെറുധാന്യങ്ങളും, 500 ഏക്കറില്‍ പയറുവര്‍ഗ്ഗങ്ങളും, 37.5 ഏക്കറില്‍ പച്ചക്കറികളും ഉള്‍പ്പെടെ 1287.5 ഏക്കറിലാണ് കൃഷി ഇറങ്ങിയത്. ചെറുധാന്യങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നു, എല്‍.ഡി.എല്‍ കുറക്കുന്നു, സ്തനാര്‍ബുദം തടയുക, ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കുക, രക്തസമര്‍ദ്ദം കുറക്കുക, ഹൃദ്രോഗം തടയുക എന്നിവ സാധ്യമാവുന്നു.
കാലാവസ്ഥ മാറ്റം കൊണ്ടുണ്ടാകുന്ന രൂക്ഷമായ ജല ദൗര്‍ലഭ്യത്തെ തരണം ചെയ്യാന്‍ ചെറുധാന്യങ്ങള്‍ക്ക് ശേഷിയുണ്ട്. രോഗ കീടബാധ തുലോം കുറഞ്ഞ വിളകളാണ് ചെറുധാന്യങ്ങള്‍ എന്നതാണ് ശ്രദ്ധേയമായത്. പ്രദര്‍ശനമേള ഇന്ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."