സഊദി വല്‍ക്കരണം: അര ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ പരിശീലനം
റിയാദ്: ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സഊദിവല്‍ക്കരണം നടപ്പാക്കുന്ന വിവിധ മേഖലകളിലേക്ക് സഊദികളെ പ്രാപ്തരാക്കുന്നതിനു അര ലക്ഷത്തിലേറെ സഊദികള്‍ക്ക് പരിശീലനം നല്‍കി വരികയാണെന്നും സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ ചേംബര്‍ ഓഫ് കൊമേഴ്‌സുകളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പുതിയ മേഖലകളിലേക്ക് സ്വദേശികളെ പ്രാപ്തരാകുന്നതെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഖാലിദ് അബല്‍ ഖൈല്‍ അറിയിച്ചു.
അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രധാനപ്പെട്ട പന്ത്രണ്ട് മേഖലകളിലാണ് സഊദിവല്‍ക്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മേഖലകളില്‍ നിന്നും വിദേശികളെ മാറ്റുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനാണ് സഊദി യുവതീ യുവാക്കളെ ഈ മേഖലകളിലേക്ക് പ്രാപ്തരാക്കുന്നത്. പ്രഖ്യാപിക്കാനിരുന്ന പന്ത്രണ്ട് മേഖലകളും വിദേശികളുടെ പൂര്‍ണ ആധിപത്യത്തിലാണെന്നത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ടെകിലും അതിനെ മറികടക്കാനാണ് ആവശ്യമായ സ്വദേശികളെ പരിശീലനം നല്‍കി പ്രാപ്തരാക്കുന്നത്.
ആദ്യഘട്ടമായ സെപ്തംബര്‍ 11 മുതല്‍ വാഹനം, മോട്ടോര്‍ ബൈക്ക് വില്‍പ്പന കടകള്‍, തുണിത്തരങ്ങളുടെ റെഡിമെയ്ഡ് കടകള്‍, ഓഫിസ്, വീട് ഫര്‍ണിച്ചര്‍ കടകള്‍ എന്നിവയാണ് സ്വദേശിവത്കരിക്കുക. രണ്ടാം ഘട്ടത്തില്‍ നവംബര്‍ ഒമ്പതു മുതല്‍ ഇലക്ട്രിക്, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, വാച്ച് കടകള്‍, കണ്ണട ഷോപ്പുകള്‍ എന്നിവ കൂടി ഉള്‍പ്പെടും. അവസാന ഘട്ടമായ 2019 ജനുവരി ഏഴിന് മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, പലഹാര വില്‍പ്പന കടകള്‍ വാഹന സ്‌പെയര്‍ പാര്‍ട്‌സ് വില്‍പ്പന ഷോറൂമുകള്‍, ബില്‍ഡിങ്, നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, എല്ലാ തരം കാര്‍പ്പറ്റ് വില്‍പ്പന കടകള്‍, സപ്ലൈ കടകള്‍, വീട്ടുപകരണ വില്‍പ്പന കടകള്‍ എന്നിങ്ങനെ പന്ത്രണ്ടു വിഭാഗങ്ങളിലാണ് സഊദി വല്‍ക്കരണം പ്രഖ്യാപിച്ചത്. മൊബൈല്‍ കടകള്‍, സ്വര്‍ണ്ണക്കടകള്‍ തുടങ്ങി വിവിധ ഷോപ്പുകളില്‍ പൂര്‍ണ്ണ സഊദി വല്‍ക്കരണം നടപ്പിലാക്കിയതിനു പിന്നാലെയാണ് കൂടുതല്‍ മേഖലകളിലേക്ക് മന്ത്രാലയം തിരിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."