പൊതുമാപ്പ് : ഇന്ത്യന്‍ സമൂഹത്തിന് 11 സഹായ കേന്ദ്രങ്ങള്‍
ജിദ്ദ: സഊദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ സൗകര്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി ജിദ്ദ മേഖലയില്‍ നിന്ന് ഇന്ത്യക്കാരായ അനധികൃത താമസക്കാരെ നാട്ടിലേക്ക് പോകാന്‍ സഹായിക്കാന്‍ 11 ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍റഹ്മാന്‍ ശൈഖ് പറഞ്ഞു.
ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഇതുസംബന്ധിച്ച എല്ലാ സേവനങ്ങളും ലഭ്യമാക്കും. തബൂക്ക്,യാമ്പു, മദീന, മക്ക, ത്വാഇഫ്, ഖുന്‍ഫുദ, അല്‍ബാഹ, ബിഷ, അബഹ, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലാണ് ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കുക.
നാട്ടിലേക്ക് പോകാനുള്ളവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഫോം വിതരണം, ശേഖരണം എന്നിവ ഹെല്‍പ് ഡെസ്‌കുകള്‍ വഴി നടത്തും. അപേക്ഷകര്‍ക്ക് ഫോണിലൂടെ രജിസ്റ്റര്‍ ചെയ്യാനുള്ള ആപ്ലിക്കേഷന്‍ കോണ്‍സുലേറ്റ് തയാറാക്കും.
അതേ സമയം നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകുന്നതിന് ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള തുക ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.
2013ലെ പൊതുമാപ്പില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച പൊതുമാപ്പ്. നിയമ ലംഘകരായവര്‍ക്ക് ഒരു പിഴയും നല്‍കാതെ രാജ്യം വിടാമെന്നതാണ് പ്രത്യേകത. പൊതുമാപ്പില്‍ കഫാല മാറ്റം അനുവദനീയമല്ല.
കേസില്‍ അകപ്പെട്ടിട്ടുള്ളവര്‍ക്കും ജയിലില്‍ കഴിയുന്നവര്‍ക്കും നിയമങ്ങള്‍ക്കനുസരിച്ച് മാത്രമെ രാജ്യം വിടാന്‍ സാധിക്കൂ. മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ കൈവശം പാസ്‌പോര്‍ട്ടോ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.
കൂടാതെ എക്‌സിറ്റ് വിസയും ടിക്കറ്റും വേണം. പാസ്‌പോര്‍ട്ടും ഇ.സിയും എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ ആണ് ലഭിക്കുക. ഉംറ, ഹജ്ജ് വിസിറ്റിങ് വിസയിലെത്തിയ നിയമലംഘകരായി കഴിയുന്നവര്‍ക്ക് ടിക്കറ്റുമായി വിമാനത്താവളത്തിലെത്തിയാല്‍ യാതൊരു നടപടികളുമില്ലാതെ നാട്ടിലേക്ക് പോകാന്‍ കഴിയും.
ഇവരെ സഹായിക്കുന്നതിന് വിമാനത്താവളത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."