പശുക്കളെ കൊല്ലുന്നവരുടെ കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ
ലഖ്‌നൗ: പശുക്കളെ കൊല്ലുന്നവരുടെയും അപമാനിക്കുന്നവരുടെയും കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ വിക്രം സൈനി. 2013ലെ മുസാഫര്‍ നഗര്‍ കലാപ കേസില്‍ ആരോപണ വിധേയനായ വ്യക്തിയാണ് ഇദ്ദേഹം. എം.എല്‍.എയായ മറ്റൊരു ബി.ജെ.പി അംഗത്തെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണ് എം.എല്‍.എ ഭീഷണി മുഴക്കിയത്. വന്ദേ മാതരം പറയാന്‍ തയാറാകാത്തവരുടെയും ദേശീയതാ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതില്‍ അഭിമാനിക്കാത്തവരുടെയും മാതാവായി കരുതാതെ പശുക്കളെ കൊല്ലുന്നവരുടെയും കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നുവെന്നും ഇയാള്‍ പറഞ്ഞു.
എം.എല്‍.എയുടെ പരാമര്‍ശത്തില്‍ അണികള്‍ കൈയ്യടിച്ചപ്പോള്‍ പരാമര്‍ശം വിവാദമാകുന്നുവെന്ന് കണ്ട് വേദിയിലുണ്ടായിരുന്ന ചില മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ വിവാദ പ്രസ്താവനകള്‍ നടത്തി പലപ്പോഴും വെട്ടിലായ വ്യക്തിയാണ് ഇയാള്‍. മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ സൈനിക്കെതിരേ കേസുണ്ട്.ഗോസുരക്ഷക്കായി ഒരു യുവസംഘത്തെ താന്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും പാകിസ്താനുമായും ചൈനയുമായും യുദ്ധമുണ്ടായാല്‍ വേതനമൊന്നും കൂടാതെ തന്നെ അതിര്‍ത്തിയില്‍ പോരാടാന്‍ വരെ സജ്ജരായവരാണ് അവരെന്നും സൈനി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."