പാര്‍ട്ടികള്‍ക്ക് സംഭാവന: നിയമഭേദഗതി ആവശ്യപ്പെട്ട് തെര. കമ്മിഷന്‍
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ നിയന്ത്രിക്കാന്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. സംഭാവനകള്‍ 20 കോടിയോ മൊത്തം സംഭാവനയുടെ 20 ശതമാനമോ ആയി ചുരുക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമഭേദഗതി ആവശ്യപ്പെട്ടത്. ഇന്‍കം ടാക്‌സ് ആക്ടിന്റെ 13എ വകുപ്പും, ജനപ്രാതിനിത്യ നിയമത്തിന്റെ 29ബി വകുപ്പിലും ഭേദഗതി നടത്താനാണ് കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. 20 കോടിക്ക് മുകളില്‍ പണമായി സംഭാവനകള്‍ സ്വീകരിക്കരുതെന്നും രണ്ടാഴ്ച മുന്‍പ് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വെളിപ്പെടുത്താത്ത വ്യക്തികളില്‍ നിന്ന് ലഭിക്കുന്ന സംഭാവനകള്‍ 20 കോടിയോ അല്ലങ്കില്‍ മൊത്തം ലഭിച്ച പണത്തിന്റെ 20 ശതമാനമോ ആയി ചുരുക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം. ലഭിക്കുന്ന പണത്തെ കുറിച്ച് വെളിപ്പെടുത്താന്‍ തയാറാകാത്ത പാര്‍ട്ടികളില്‍ ഒന്നാണ് ബി.എസ്.പിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സംഭാവനകള്‍ സ്വീകരിക്കുന്നത് ചെക്ക് മൂലമോ ഓണ്‍ലൈന്‍ ഇടപാട് മൂലമോ ആക്കുകയും ഇന്‍കം ടാക്‌സ് വകുപ്പ് 13എ പ്രകാരം സംഭാവനകള്‍ക്ക് നല്‍കുന്ന നികുതിയിളവ് എടുത്തുകളയുകയും ചെയ്താല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൂക്കുകയറിടാന്‍ ആകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തല്‍.
വ്യക്തികള്‍ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവന 20,000 ത്തില്‍ നിന്നും 2000 രൂപയാക്കി നിജപെടുത്തണമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രായോഗികമല്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പിന്നീട് പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.
ഒരു സ്വകാര്യ ഏജന്‍സി നടത്തിയ പഠന പ്രകാരം ദേശീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും ലഭിക്കുന്ന സംഭാവനകളില്‍ 69 ശതമാനവും വെളിപ്പെടുത്താത്തവരില്‍ നിന്നാണ്. സംഭാവനകള്‍ ലഭിക്കുന്നതില്‍ ഒന്നാം സ്ഥാനം കോണ്‍ഗ്രസിനാണ്. 3982 കോടി രൂപ ഇതില്‍ 83ശതമാനവും നല്‍കിയത് ആരാണെന്ന് അറിയില്ല. രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ്. 3272 കോടിരുപ ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചു. 893 കോടിരൂപയുമായി മൂന്നാം സ്ഥാനത്ത് സി.പി.എം ആണുളളത്. ബി.ജെ.പിക്ക് ലഭിച്ച 65 ശതമാനവും സി.പി.എമ്മിന് ലഭിച്ച 53 ശതമാനം സംഭാവനയും നല്‍കിയത് ആരെന്നറിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."