മതേതര ഐക്യനിര രൂപപ്പെടേണ്ട സമയം അതിക്രമിച്ചു
ഉത്തര്‍ പ്രദേശില്‍ നിന്ന് വാര്‍ത്തകളുടെ പ്രവാഹമാണ്. നമ്മളെ ദുഃഖിപ്പിക്കുന്ന, പ്രതീക്ഷയുടെ അവസാനത്തെ കിരണം പോലും അണയുമെന്ന ആശങ്കകള്‍ പങ്കുവയ്ക്കുന്ന വാര്‍ത്തകളാണ് അവയെല്ലാം. ബി ജെ പി സര്‍ക്കാര്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയും, യോഗി ആദിത്യനാഥിനെപ്പോലെ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിതനാക്കുകയും ചെയ്തപ്പോള്‍ തന്നെ ഹിന്ദുത്വ ഫാസിസം ഫണം വിരിച്ചാടാന്‍ തുടങ്ങിയെന്ന് ബോധ്യമായിരുന്നു. ഗുജറാത്തിനെ പോലെ ഉത്തര്‍പ്രദേശിനെയും തങ്ങളുടെ പരീക്ഷണ ശാലയാക്കാനുള്ള ശ്രമം സംഘ്പരിവാര്‍ തിരഞ്ഞെടുപ്പിന് മുന്‍പെ തന്നെ ആരംഭിച്ചിരുന്നു.
ജനാധിപത്യത്തെ എത്തരത്തില്‍ ഫാസിസ്റ്റ് ഭരണത്തിനുള്ള ഫലപ്രദമായ ഉപകരണമാക്കി പരിവര്‍ത്തനപ്പെടുത്താമെന്നതായിരുന്ന ആ പരീക്ഷണ ശാലയിലെ ഗവേഷണ വിഷയം. തിരഞ്ഞെടുപ്പിലൂടെ ലഭിക്കുന്ന ഭൂരിപക്ഷം, അതെത്ര വലുതായാലും ചെറുതായാലും അത് ഏത് അജണ്ടയും നടപ്പാക്കാനുള്ള ലൈസന്‍സല്ല. ജനവിധിയേക്കാള്‍ മുകളിലാണ് ഭരണഘടനയെന്ന് ജയലളിത കേസില്‍ സുപ്രിം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇവിടെ ജനവിധി മറയാക്കി ഭരണഘടന ഒരു വ്യക്തിക്കും സമൂഹത്തിനും നല്‍കുന്ന പരമപ്രധാനമായ സ്വാതന്ത്ര്യങ്ങള്‍ എല്ലാം കവര്‍ന്നെടുക്കപ്പെടുകയാണ്. അറവ് ശാലകള്‍ ഒറ്റ ദിവസം കൊണ്ട് ചുട്ടെരിക്കപ്പെടുക, ഒരു സുപ്രഭാതത്തില്‍ ഒരു നിയോജക മണ്ഡലമാകെ സസ്യഭക്ഷണം കഴിക്കുന്നവരുടെ പ്രദേശമായി മാറുക, മാംസം പോയിട്ട് മല്‍സ്യ വില്‍പ്പന പോലും തടയുക, വര്‍ണ്ണവെറിയന്‍ ഭരണകൂടം ദക്ഷിണാഫ്രിക്ക ഭരിച്ചിരുന്നപ്പോള്‍ പോലും ചെയ്യാത്ത കാര്യമാണ് ബി ജെ പി സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കുന്നത്. വെറുതെ നാട്ടുവര്‍ത്തമാനങ്ങള്‍ പോലെ സംസാരിച്ച് മറന്ന് കളയേണ്ട ഒരു വിഷയമല്ല ഇത്. ഇന്ത്യ മുഴുവന്‍ ഏത് നിമിഷവും പടര്‍ന്ന് പന്തലിച്ചേക്കാവുന്ന വലിയൊരു ദുരന്തത്തിന്റെ വിത്തുകളാണ് അവിടെ വിതയ്ക്കപ്പെട്ടത്.
ഫാസിസം തീന്‍മേശയിലും കിടപ്പറയിലും എത്തുന്ന കാലത്ത് അതിനെതിരേ കേവലം രാഷ്ട്രീയ പ്രതിരോധ നിരമാത്രമല്ല ഉയര്‍ന്നുവരേണ്ടത്. മറിച്ച് സാമൂഹ്യ പ്രതിരോധ നിരകൂടി ഉയര്‍ന്നുവരേണ്ടതുണ്ട്. ബി.ജെ. പി സംഘ്പരിവാര്‍ സഖ്യം മുന്നോട്ട് വയ്ക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് അജണ്ടയെ നേരിടാന്‍ ഇന്ത്യന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ ഐക്യനിരയാണ് ഉയര്‍ന്നുവരേണ്ടത്. ദേശീയ പ്രസ്ഥാനകാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിനെതിരേ ഉയര്‍ന്ന ഐക്യ നിരയുടെ അതേ മാതൃകയില്‍ വേണം അവരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രം അതേ മാതൃകയില്‍ പിന്തുടരുന്ന ഈ അഭിനവ സായ്പന്‍മാര്‍ക്കെതിരേയുള്ള പ്രതിരോധ നിരയും. യോഗി ആദിത്യനാഥിനെ പോലുള്ള കത്തിവേഷങ്ങളെ കണ്ട് ഭയചകിതരായി എല്ലാം പോയി എന്ന് വിലപിച്ച് മൂലക്കിരിക്കുകയോ, അതല്ലെങ്കില്‍ ആരാണ് ഇതിന് ഉത്തരവാദി എന്നാരോപിച്ച് പരസ്പരം തമ്മില്‍ തല്ലുകയോ അല്ല മതേതര ഇന്ത്യ നില നില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്.
വിലാപങ്ങളും പഴിചാരലുകളുംകൊണ്ട് നമ്മുടെ ബഹുസ്വരതയും ജനാധിപത്യവും നിലനിര്‍ത്താനും കഴിയില്ല. അതിന് വേണ്ടത് ഇന്ത്യയിലെ ബഹുജനങ്ങളുടെ, എല്ലാ വിഭാഗങ്ങളിലും, പാര്‍ട്ടികളിലും, ജാതി മത വിശ്വാസ ധാരകളിലും പെടുന്ന ഇന്ത്യയിലെ കോടാനുകോടി ജനങ്ങളുടെ ഐക്യനിര തന്നെയാണ്. അത് കെട്ടിപ്പടുക്കേണ്ടത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ, എതാനും ചില പാര്‍ട്ടികളുടെയോ ഉത്തരവാദിത്വം മാത്രമാണ് എന്ന് കരുതരുത്. അത് കാലം ഇന്ത്യന്‍ ജനതക്ക് ഏല്‍പ്പിച്ചു തരുന്ന ഉത്തരവാദിത്വമാണ്. അത് നിറവേറ്റാന്‍ നമുക്ക് ഒത്തു ചേര്‍ന്നേ മതിയാകൂ.
ഗുജറാത്തിനെക്കാള്‍ വലിയ ദുരന്ത ചിത്രമായിരിക്കുമോ ഉത്തര്‍ പ്രദേശ് എന്ന ഭയം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ അങ്ങിനെ ആകില്ല എന്നുറപ്പിച്ചാല്‍ മാത്രമെ അങ്ങിനെ സംഭവിക്കാതിരിക്കൂ. മതേതര ശക്തികളുടെ ഐക്യ നിരയെപ്പറ്റി പലതവണ നമ്മള്‍ പറയുകയും. ചര്‍ച്ച ചെയ്യുകയും ചെയ്തുവെങ്കിലും അത് സമ്പൂര്‍ണ്ണമായി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നില്ലെന്നത് നമ്മുടെ പോരായ്മ തന്നെയാണ്. ഒരു യുദ്ധത്തില്‍ നമ്മുടെ ഗുണവശങ്ങളെക്കാള്‍ പോരായ്മകള്‍ പരിഹരിക്കുന്നതിനാണ് മുന്‍ തൂക്കം നല്‍കേണ്ടത്. അത് കൊണ്ട് ഇന്ത്യയുടെ അധീശത്വം പിടിച്ചെടുക്കാനുള്ള സംഘ്പരിവാറിന്റെ നീക്കങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ ആദ്യം മതേതര കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തിയും, അതിനായി അഖിലേന്ത്യാ പ്ലാറ്റ് ഫോം രൂപീകരിച്ചും, അതിനുള്ള പരസ്പര ചര്‍ച്ചകളും ആശയ വിനിമയങ്ങളും നടത്തിയും മുന്നോട്ട് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."