നൂറിലധികം കേസുകളില്‍ പ്രതികളായ അഞ്ചുപേര്‍ കൊണ്ടോട്ടിയില്‍ പിടിയില്‍
കൊണ്ടോട്ടി: പൊലിസ് എയ്ഡ് പോസ്റ്റ് തകര്‍ത്തും മോഷണവുമടക്കം വിവിധ ജില്ലകളില്‍ നൂറിലധികം കേസുകളില്‍ പ്രതികളായ 5 പേര്‍ കൊണ്ടോട്ടി പൊലിസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ താമരശ്ശേരി അമ്പായത്തോട് പുത്തം പുരക്കല്‍ അശ്‌റഫ്(28), ചാലപ്പുറം പടന്ന ചീരക്കുഴി കല്യാണ്‍പുരി അശ്വിന്‍(19), വെള്ളയില്‍ പണിക്കര്‍ റോഡ് നാലുകുടി പറമ്പ് നഫീസ മന്‍സിലില്‍ ലങ്കീഷ് ഖാന്‍(28), മാത്തോട്ടം അരക്കിണര്‍ വലിയ വീട്ടില്‍ ജുനൈദ്(24), കുറ്റ്യാടി ഊരത്ത് കുഞ്ഞിപ്പറമ്പത്ത് അല്‍ത്താഫ്(22)എന്നിവരെയാണ് കൊണ്ടോട്ടിയില്‍ വച്ച് വാഹനത്തില്‍ സഞ്ചരിക്കവെ പൊലിസ് പിടികൂടിയത്. ഇവരില്‍ ലങ്കീഷ് ഖാന്‍ ഒഴികെയുള്ളവര്‍ നേരത്തെ വിവിധ കേസുകളില്‍ പിടിയിലായി ശിക്ഷ അനുഭവിച്ചവരാണ്.
പ്രതികളില്‍ നിന്ന് ഒരു കാറും രണ്ടു ബൈക്കും കണ്ടെടുത്തു.
കോഴിക്കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ ,എറണാകുളം ജില്ലകളില്‍ നൂറിലധികം കേസുകളില്‍ ഇവര്‍ പ്രതികളാണ്. രണ്ടുതവണ കോഴിക്കോട് പൊലിസ് എയ്ഡ് പോസ്റ്റ് തകര്‍ത്ത് രക്ഷപ്പെട്ട കേസിലും പ്രതിയാണ് പിടിയിലായ അശ്‌റഫ് . ജ്വല്ലറികളിലുള്‍പ്പെടെ മോഷണം നടത്തി ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലിസ് പറഞ്ഞു.
അശ്‌റഫ് ആണ് സംഘത്തലവന്‍. മോഷണം നടത്താനുദ്ദേശിക്കുന്ന കടക്കു സമീപത്തെ സി.സി.ടി.വി കാമറ നശിപ്പിച്ച് കടകളുടെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറിയാണ് ഇവരുടെ മോഷണം. ഷട്ടറുകള്‍ കായിക ബലം മാത്രം ഉപയോഗിച്ച് തകര്‍ക്കാന്‍ ഇവര്‍ വിദഗ്ധരാണെന്ന് പൊലിസ് പറഞ്ഞു. ലഹരിക്ക് അടിമകളാണ് പ്രതികള്‍. പണവും, സ്വര്‍ണവുമാണ് മോഷ്ടിക്കുന്നത്.
വാടകക്ക് കാര്‍ എടുത്ത് കറങ്ങി രാത്രിയിലാണ് മോഷണം. അശ്‌റഫിന് ഒരു ദിവസത്തെ ചെലവിന് തന്നെ 7000 രൂപ വരെ വേണമെന്ന് പൊലിസ് പറഞ്ഞു. തങ്ങളെ എതിര്‍ക്കുന്നവരെ നിലംപരിശാക്കാനുളള ആയോധന വിദ്യയും ഇവര്‍ക്ക് വശമുണ്ട്. സംഘത്തില്‍ ഒന്‍പത് പേരാണുളളത്.
ഇവരില്‍ കണ്ണൂര്‍ കുടിയാന്‍ മല സാഹിര്‍(24), അര്‍ജുന്‍ എന്നിവര്‍ കണ്ണൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. കണ്ണൂര്‍ പടപ്പേങ്ങാട് കെ.കെ ജാബിര്‍ മുഹമ്മദിനേയും മറ്റൊരു പ്രതിയേയും പിടികൂടാനായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. പിടിയിലായ അശ്വിന്‍ വിദ്യാര്‍ഥികൂടിയാണ്. അശ്‌റഫിന്റെ കൂട്ടാളിയായി കൂടിയതാണ് ഇയാള്‍.
കൊണ്ടോട്ടി സി. ഐ മുഹമ്മദ് ഹനീഫ, എസ്.ഐ എ.സാബു, സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, എം. പി സത്യനാഥ്, ശശികുണ്ടറക്കാട്, ശ്രീകുമാര്‍, സജീവന്‍, ഉണ്ണികൃഷ്ണന്‍, സുലൈമാന്‍, സന്തോഷ്, ഷാഹുല്‍ ഹയ്യ്, അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."