കര്‍ണാടകയില്‍ ഇനിയും ബി.ജെ.പിയെ കരുതിയിരിക്കുക
എച്ച്.ഡി കുമാരസ്വാമി കര്‍ണാടകയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു ദിശാ മാറ്റത്തിനു തുടക്കമായിരിക്കയാണ്. സത്യപ്രതിജ്ഞാ ചടങ്ങിലെ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യം ബി.ജെ.പിക്കെതിരായ വിശാല മതേതര സഖ്യം എന്ന ആശയത്തിന്റെ അടിയില്‍ ഒപ്പുവച്ചു കൊടുക്കുകയാണ് ചെയ്തത്. ഈ സഖ്യത്തിന്റെ നേതൃത്വം കോണ്‍ഗ്രസിനായിരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും സി.പി.എമ്മുമടക്കം പ്രഖ്യാപിത കോണ്‍ഗ്രസ് വിരുദ്ധ പാര്‍ട്ടികളൊക്കെയും അംഗീകരിച്ചു കഴിഞ്ഞു.
കര്‍ണാടകയിലെ സംഭവ വികാസത്തോടെ രാഹുല്‍ ഗാന്ധിയെ ഇനി എഴുതിത്തള്ളാന്‍ വയ്യെന്ന സ്ഥിതി സംജാതമായിട്ടുണ്ട്. മമതാ ബാനര്‍ജിയും ചന്ദ്രബാബു നായിഡുവും മറ്റും മനസില്‍ താലോലിക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്‍കൈയുള്ള പ്രതിപക്ഷസഖ്യം എന്ന പരികല്‍പന അപ്രസക്തമായിക്കഴിഞ്ഞു. കര്‍ണാടകയില്‍ ബി.ജെ.പി പ്രകടമാക്കിയ അതിമിടുക്ക് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിക്കൊടുത്തത് കോണ്‍ഗ്രസിനാണ്. തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ജനങ്ങള്‍ കൂടെ നിര്‍ത്താത്ത കോണ്‍ഗ്രസിനെ രാജ്യമൊട്ടാകെ നെഞ്ചോട് ചേര്‍ത്തുകഴിഞ്ഞു. രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ഈ പിന്തുണ കൊണ്ടുകളയാതിരുന്നാല്‍ മാത്രം മതി.
ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും കര്‍ണാടകയില്‍ ബി.ജെ.പിക്കുള്ള മേല്‍ക്കൈയെ എങ്ങനെയാണ് പുതിയസഖ്യത്തിന് നേരിടാനാവുകയെന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്. ആഘോഷ പൂര്‍വം സത്യപ്രതിജ്ഞ നടന്നു. ബി.ജെ.പി വിരുദ്ധ നേതാക്കന്മാര്‍ മുഴുവനും ചടങ്ങിനെത്തി. ജനലക്ഷങ്ങള്‍ കൊട്ടുംകുരവയുമിട്ടു. ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുക അത്ര എളുപ്പമല്ലെന്ന് കോണ്‍ഗ്രസും ജനതാദളും തിരിച്ചറിയുന്നു. ഇരു കൂട്ടരും ചേര്‍ന്ന് വോട്ട് ഷെയറിലും സീറ്റ് ഷെയറിലും ബി.ജെ.പിയേക്കാള്‍ വളരെ മുന്നിലാണ്. എന്നിട്ടും ബി.ജെ.പിയുടെ പണാധിപത്യത്തേയും രാഷ്ട്രീയ സമ്മര്‍ദങ്ങളേയും തടയാനാവുന്നില്ല എന്നതാണ് സ്ഥിതി.
സഖ്യത്തിന്റെ ഇഴയടുപ്പമില്ലായ്മയാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷത്തിന് കാരണം. ജനതാദളില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസിലെത്തിയ സിദ്ധരാമയ്യക്ക് കുമാരസ്വാമിയോടും തിരിച്ചങ്ങോട്ടുമുള്ള കുടിപ്പക അത്ര എളുപ്പത്തില്‍ മാഞ്ഞുപോകില്ല. ബി.ജെ.പിയെ അധികാരത്തില്‍ നിന്നകറ്റിനിര്‍ത്തുക എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനു വേണ്ടി ഇത്തരം സമ്പര്‍ക്കങ്ങള്‍ മായ്ച്ചുകളയാനുള്ള വിവേകവും രാഷ്ട്രീയ പക്വതയും കര്‍ണാടകയിലെ ചെറിയ മനുഷ്യര്‍ക്കുണ്ടാകുമോ എന്നതാണ്പ്രശ്‌നം. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ സഖ്യം അസ്ഥിരമാകും. മന്ത്രിസഭാ രൂപീകരണത്തിനു മുന്‍പും അതിനു ശേഷവും കുമാരസ്വാമി ഒരുപാടു കടമ്പകള്‍ കയറിമറിയേണ്ടതുണ്ട്. ഉപമുഖ്യമന്ത്രിമാര്‍ എത്ര, അത് ആരൊക്കെ, മന്ത്രിസഭയിലെ ജാതീയ അനുപാതങ്ങള്‍ ( ലിംഗായത്ത്,വൊക്കലിങ്,ദലിത്, മുസ്‌ലിം, ഒ.ബി.സി) എന്നിങ്ങനെ സമതുലനത്തിലെത്തിക്കണം. വകുപ്പ് വിഭജനത്തിന്റെ പ്രശ്‌നങ്ങള്‍ ഏങ്ങനെ പരിഹരിക്കണം, ഇങ്ങനെ തുഴഞ്ഞിറങ്ങുന്നതിന് മുന്‍പേ തന്നെ തട്ടിത്തകരാനുള്ള സാധ്യത ബാക്കിവയ്ക്കുന്ന നിരവധി പാറകള്‍ യാത്രാവഴിയിലുണ്ട്.
ബി.ജെ.പി വിരുദ്ധ വിശാലമുന്നണിയെന്നൊക്കെ ആദര്‍ശം പറയാനെളുപ്പമാണ്. പക്ഷേ, പ്രായോഗിക രാഷ്ട്രീയത്തില്‍ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കുക പ്രയാസകരവുമാണ്. ഉദാഹരണത്തിന് മാറ്റിവച്ച രണ്ടു സീറ്റുകളിലേക്കും കുമാരസ്വാമി ജയിച്ച രണ്ടിലൊരു സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍. അവിടെ ഏതു പാര്‍ട്ടിയാണ് പിന്‍മാറേണ്ടിവരിക? പ്രായോഗിക രാഷ്ട്രീയത്തില്‍ ഇതെല്ലാം പ്രശ്‌നങ്ങള്‍ തന്നെയാണ്. ഇത്തരം വൈതരണികള്‍ കടന്ന് 2019ലെ പൊതു തെരഞ്ഞെടുപ്പ് വരെ സഖ്യം മുന്നോട്ടുകൊണ്ടുപോവുക തന്നെ വേണം. നേതാക്കന്മാരുടെ ഈഗോ ഏതു കാലത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കര്‍ണാടകയില്‍ അതെങ്ങനെ ബാധിക്കും എന്നതാണ് ചോദ്യം.
ബി.ജെ.പിയുടെ മേല്‍ക്കൈ സംസ്ഥാനത്ത് ബി.ജെ.പി കുറച്ചുകൂടി സുഖകരമായ അവസ്ഥയിലാണ്. ഈ അവസ്ഥയെപറ്റി കൃത്യമായ തിരിച്ചറിവ് ബി.ജെ.പി ദേശീയ നേതൃത്വത്തിനും യെദ്യൂരപ്പക്കുമുണ്ട്. നാമെന്തൊക്കെ പറഞ്ഞാലും ഏറക്കുറേ ബി.ജെ.പിക്ക് അനുകൂല ജനവിധിയാണ് സംസ്ഥാനത്തുണ്ടായത്. ഒറ്റക്കൊറ്റക്ക് നോക്കുമ്പോള്‍ ബി.ജെ.പി തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടി. ഈ അവസ്ഥയെ കുറിച്ചുള്ള അഹങ്കാരം എല്ലാ ധാര്‍മികതകളേയും മൂല്യങ്ങളേയും തള്ളിക്കളയാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചു എന്ന സംഗതി വേറെ. മതേതര ശക്തികള്‍ തികഞ്ഞ ഐക്യബോധത്തോടെ ഒരുമിച്ച് നിന്ന് രണ്ടും കല്‍പിച്ചൊരു പോരാട്ടത്തിന് ഒരുമ്പെട്ടിറങ്ങിയാല്‍ മാത്രമേ ബി.ജെ.പിയെ പിടിച്ചുകെട്ടാനാവുകയുള്ളൂ. സംസ്ഥാന രാഷ്ട്രീയത്തില്‍ നിലവിലുള്ള പിണക്കങ്ങളും ഇണക്കങ്ങളും എത്രത്തോളമാണ് എന്ന് കൃത്യമായറിയുന്ന ബി.ജെ.പി നേതൃത്വത്തിന്റെ പ്രത്യാശ മതേതര പാര്‍ട്ടികളിലെ അനൈക്യത്തില്‍ തന്നെയാണ്.
സിദ്ധരാമയ്യയും കുമാരസ്വാമിയും കുശാഗ്രബുദ്ധികളായ രാഷ്ട്രീയക്കാരാണ്. രണ്ടുപേരും തെരഞ്ഞെടുക്കപ്പെട്ടതില്‍ സ്വന്തം തന്ത്രങ്ങള്‍ അതിവിദഗ്ധമായി ഉപയോഗിച്ചിട്ടുമുണ്ട്. ഇത്തരം തന്ത്രങ്ങളെ മറികടക്കുന്ന തരത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രബുദ്ധമാക്കുകയാണ് ബി.ജെ.പി ചെയ്തത്. കര്‍ണാടകയുടെ പല മേഖലകളേയും പാര്‍ട്ടി ഹിന്ദുത്വത്തിന്റെ കോട്ടകളാക്കി പരിവര്‍ത്തിപ്പിച്ചു. സിദ്ധരാമയ്യയുടെ തന്ത്രങ്ങള്‍ ക്ഷീണമുണ്ടാക്കുന്നുവെന്ന് തോന്നിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ ഇറക്കിക്കളിച്ചു. അതുകൊണ്ടാണ് കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് 104 സീറ്റുകളിലേക്ക് ബി.ജെ.പി കുതിച്ചുകയറിയത്. സിദ്ധരാമയ്യ ഏറ്റവും മികച്ച രാഷ്ട്രീയനേതാവിന്റെ മെയ്‌വഴക്കത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വോട്ടിനു വേണ്ടി വിശ്വാസപരമായ തന്റെ നിലപാടുകളൊന്നും അദ്ദേഹം മറച്ചുവയ്ക്കാറില്ല. തന്റെ സോഷ്യലിസ്റ്റ് സ്വത്വം കോണ്‍ഗ്രസ് നേതാവായിട്ടും അദ്ദേഹം ഒഴിവാക്കിയിട്ടുമില്ല.
സ്വന്തം നിലപാടുകളെകുറിച്ചുള്ള അതിരുകവിഞ്ഞ ദൃഢബോധ്യങ്ങളാവാം അദ്ദേഹത്തെ അപ്രായോഗികമായ തീരുമാനങ്ങളെടുക്കാന്‍ തക്ക ആത്മവിശ്വാസത്തിലേക്കെത്തിച്ചത്.
തുല്യരായ രണ്ടു ശത്രുക്കളെയാണ് സിദ്ധരാമയ്യക്കും കോണ്‍ഗ്രസിനും എതിര്‍ക്കേണ്ടിവന്നത്. അതും രണ്ട്പ്രതലങ്ങളില്‍ നിന്നുകൊണ്ട്. ബി.ജെ.പിയുടേത് ഹിന്ദുത്വ രാഷ്ട്രീയമാണ്. ജെ.ഡി.എസിന്റേത് മത-ജാതീയതകളില്‍ ഊന്നിനില്‍ക്കുന്ന പ്രാദേശികത്വവും. രണ്ടിനേയും ഒറ്റയടിക്ക് നേരിടാന്‍ വേണ്ടി സിദ്ധാരാമയ്യ പരീക്ഷിച്ചത് കന്നഡ നാടിന്റെ പ്രാദേശിക വ്യക്തിത്വം ഉയര്‍ത്തിക്കാട്ടുക എന്ന തന്ത്രമാണ്. സംസ്ഥാനത്തിന് സ്വന്തമായി പതാക, സ്വന്തമായി ഗാനം തുടങ്ങിയ പദ്ധതികളുടെ കന്നഡിഗയുടെ ആത്മബോധം ജ്വലിപ്പിച്ചു നിര്‍ത്താന്‍ സിദ്ധരാമയ്യ ശ്രമിച്ചു.
പ.ബംഗാളില്‍ മമതാ ബാനര്‍ജി വിജയകരമായി പരീക്ഷിച്ച തന്ത്രമാണിത്. ഹിന്ദുത്വ രാഷ്ട്രീയത്തിന് കരുത്തു നല്‍കുന്നത് ലിംഗായത്ത് വോട്ടുബാങ്കാണ്. അതുതിരിച്ചറിഞ്ഞ സിദ്ധരാമയ്യ തങ്ങളെ ഒരു പ്രത്യേക മതന്യൂനപക്ഷമായി അംഗീകരിക്കണമെന്ന ലിംഗായത്തുകളുടെ ആവശ്യത്തിന് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു.
ലിംഗായത്ത് മഠാധിപതികളുടെ പിന്തുണ കൂടി ലഭിച്ചപ്പോള്‍ ഇത് ക്ലിക് ചെയ്യുമെന്നു തന്നെയാണ് സിദ്ധരാമയ്യ കരുതിയത്. അദ്ദേഹത്തിന്റെ രണ്ടു കണക്കുകൂട്ടലുകള്‍ക്കും യുക്തിപരമായ അടിത്തറയുണ്ടായിരുന്നു.
മാസ്റ്റര്‍ പൊളിറ്റീഷ്യനായ അദ്ദേഹം സ്വന്തം ആശയങ്ങളില്‍ അഭിരമിച്ചുപോയി എന്നിടത്തായിരുന്നു കുഴപ്പം. പ്രായോഗിക രാഷ്ട്രീയത്തില്‍ യുക്തിഭദ്രമായ കണക്കുകൂട്ടലുകളേക്കാള്‍ അതിവൈകാരികമായ മറ്റു ചില ഘടകങ്ങളാണ് വിജയം കൊണ്ടുവരിക എന്ന് തിരിച്ചറിയാന്‍ അതിരറ്റ ആത്മവിശ്വാസം അദ്ദേഹത്തെ അനുവദിച്ചില്ല. ജനതാദള്‍ എസിന്റെ ശക്തി, ഒരിക്കല്‍ അതിന്റെ ഭാഗമായിരുന്ന അദ്ദേഹം തിരിച്ചറിഞ്ഞില്ല. ഇതൊക്കെയാണ് ബി.ജെ.പിക്ക് വളമായിതീര്‍ന്നത്.
ബി.ജെ.പിക്ക് യഥാര്‍ഥത്തില്‍ ആശയപരമായ പോരാട്ടങ്ങളൊന്നും ആവശ്യമായിരുന്നില്ല. പണമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു സുപ്രധാനഘടകം . ബെല്ലാരി റെഡ്ഡിമാരുടെ ആശീര്‍വാദത്താല്‍ അത് ഇഷ്ടംപോലെയുണ്ട്. കേന്ദ്രത്തില്‍ ഭരണം കൈയിലുള്ളതിനാല്‍ അധികാരത്തിന്റെ ആനുകൂല്യങ്ങളും സുലഭം. അവര്‍ ശരിക്കും ഹിന്ദുത്വത്തില്‍ തന്നെയാണ് ഊന്നിനിന്നത്. ഒറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെയോ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെയോ ബി.ജെ.പി മത്സരിപ്പിച്ചില്ല എന്നു മാത്രമല്ല ടിപ്പുസുല്‍ത്താനെ കര്‍ണാടകയുടെ സ്വാതന്ത്ര്യ സമരപോരാളിയാക്കി ഉയര്‍ത്തിക്കാട്ടി ടിപ്പുജയന്തി ആഘോഷിക്കാന്‍ മുന്‍കൈയെടുത്ത സിദ്ധരാമയ്യയെ ഹിന്ദുവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്തു. ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്ക് എതിരായി ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും വന്‍ വിദ്വേഷ പ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്. പക്ഷേ സിദ്ധരാമയ്യ ടിപ്പു ദേശാഭിമാനിയായ സ്വാതന്ത്ര്യസമര പോരാളിയാണെന്ന തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണുണ്ടായത്.
ഇത് കോണ്‍ഗ്രസിനെതിരായി ഹിന്ദുവോട്ടുകള്‍ സമാഹരിക്കാന്‍ ബി.ജെ.പിയെ സഹായിച്ചു. ലിംഗായത്ത് വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമാക്കുവാന്‍ യെദ്യൂരപ്പ ലിംഗായത്ത് സമുദായക്കാരനാണെന്നതുമാത്രമല്ല സഹായകമായി തീര്‍ന്നത്. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വം, വളരെ ഫലപ്രദമായി കര്‍ണാടകയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ ക്ഷേത്രസന്ദര്‍ശനങ്ങള്‍ക്കൊന്നും അതിനെ മറികടക്കാനായില്ല.
2019നെ കുറിച്ച് ബി.ജെ.പി പ്രതീക്ഷ പുലര്‍ത്തുന്നത് ഇതേ രാഷ്ട്രീയാന്തരീക്ഷം തന്നെയാണ് തുടര്‍ന്നു കര്‍ണാടകത്തില്‍ നിലനില്‍ക്കുക എന്നതുകൊണ്ടാണ്. കോണ്‍ഗ്രസും ജെ.ഡി.എസും തങ്ങളുടെ സ്വാധീനമേഖലകളില്‍ യോജിച്ചു നിന്നാല്‍ തന്നെയും തങ്ങള്‍ക്ക് ഹിന്ദുത്വ വികാരം വോട്ടാക്കി മാറ്റാനാവും എന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്. അതോടൊപ്പം ഇപ്പോഴത്തെ സഖ്യത്തെ അസ്ഥിരപ്പെടുത്താന്‍ സംഘ്പരിവാര ശക്തികള്‍ ശ്രമിക്കുകയും ചെയ്യും. അതിനെല്ലാം അവര്‍ക്ക് കരുത്തുപകരുന്നത് ജനങ്ങള്‍ക്കിടയില്‍ തീവ്രഹിന്ദുത്വ വര്‍ഗീയതക്ക് സാമാന്യം നല്ല സ്വാധീനം ഉണ്ടെന്നതു തന്നെയാണ്.
ഈ ജനസ്വാധീനത്തെ നേരിടാന്‍ ആഘോഷക്കമ്മിറ്റിക്കാരുടെ ഉത്സാഹപ്രകടനങ്ങള്‍ മതിയാവുകയില്ല. എളുപ്പത്തില്‍ എഴുതിത്തള്ളാവുന്ന ദുര്‍ബലശക്തിയല്ല ബി.ജെ.പി എന്ന് ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കുകയും കൃത്യമായ രീതിയില്‍ മതേതര ജനാധിപത്യ ഐക്യം വളര്‍ത്തിയെടുക്കുകയും ആവശ്യമാണ്. ന്യൂനപക്ഷസമുദായങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കണം സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
കര്‍ണാടക രാഷ്ട്രീയത്തിലുണ്ടായ ദിശാമാറ്റം ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് വളരെയധികം കരുത്തുനല്‍കിയിട്ടുണ്ട്.
പക്ഷേ, കര്‍ണാടകയില്‍ ഇപ്പോഴും നിതാന്തജാഗ്രത ആവശ്യമാണെന്ന പാഠം കൂടി അതാവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസും ജനതാദള്‍ എസും മാത്രമല്ല സംഘ് പരിവാര്‍വിരുദ്ധ പാളയത്തിലുള്ള സകലമാനപേരും ഈ പാഠം പഠിച്ചേമതിയാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."