ഇ- ബേര്‍ഡില്‍ ഇന്ത്യയില്‍ നിന്നുള്ള പക്ഷികള്‍ ഒരുകോടി കവിഞ്ഞു
പൊന്നാനി:പക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാനുള്ള ഡിജിറ്റല്‍ വിവരസാങ്കേതികാ ഇടമായ ഇ- ബേര്‍ഡില്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി ഒരു കോടിയോളം പക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു.
2010 ജനുവരിയിലാണ് ഇ- ബേര്‍ഡിന് തുടക്കമായത്.2014 ആയതോടെ മഹാഭൂരിപക്ഷം പക്ഷിനിരീക്ഷകരും വിവരങ്ങള്‍ സൂക്ഷിക്കുവാന്‍ ഇ- ബേര്‍ഡിനെ ആശ്രയിക്കാന്‍ തുടങ്ങി.കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ 12,000 പക്ഷിനിരീക്ഷകര്‍ ഇതുപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. രണ്ട് ലക്ഷം പക്ഷികളുടെ ഫോട്ടോകളും ശബ്ദരേഖകളും ഇ- ബേര്‍ഡില്‍ ഇതിനകം ചേര്‍ക്കപ്പെട്ടുകഴിഞ്ഞു.2017 ല്‍ 50 ലക്ഷം പക്ഷികളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇ- ബേര്‍ഡില്‍ ചേര്‍ത്തിരുന്നതെങ്കില്‍ 2018 മെയ് ആകുമ്പോഴേക്കുമത് ഒരു കോടിയായി ഉയര്‍ന്നു.
ഇ- ബേര്‍ഡ് കൃത്യമായി ഉപയോഗിക്കുന്ന 3,000ത്തോളം പക്ഷിനിരീക്ഷകരാണ് കേരളത്തിലുള്ളത്. ലോകത്താകമാനം 4.04 ലക്ഷം പക്ഷിനിരീക്ഷകര്‍ ഇതുപയോഗിക്കുന്നുണ്ട്.പക്ഷിനിരീക്ഷകരുടെ എണ്ണത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്.കേരളത്തില്‍ മാത്രം പക്ഷിനിരീക്ഷകരുടെ 50 ഓളം കൂട്ടായ്മകളുണ്ട്. ഇന്ത്യയില്‍ നിന്ന് ഇ- ബേര്‍ഡില്‍ ശേഖരിച്ച പക്ഷിനിരീക്ഷണ വിവരങ്ങളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നാണ്. പക്ഷികളുടെ ദേശാടന കാലയളവിലാണ് കൂടുതല്‍ വിവരങ്ങള്‍ ഇ- ബേര്‍ഡില്‍ ചേര്‍ക്കുന്നത്. ഇ- ബേര്‍ഡ് ആപ്ലിക്കേഷന്‍ സജീവമായതോടെ ലോകത്തുള്ള എല്ലാ പക്ഷിനിരീക്ഷകര്‍ക്കും തങ്ങള്‍ കണ്ടെത്തിയ വിവരങ്ങളും ചിത്രങ്ങളും പരസ്പരം പങ്കുവയ്ക്കാന്‍ ഇതുവഴി സാധ്യമായി. 1,200 പക്ഷിവര്‍ഗങ്ങളുടെ രണ്ടുലക്ഷത്തിലധികം ചിത്രങ്ങളും 6,000 ശബ്ദ റെക്കോര്‍ഡുകളും ഇതിനകം ഇ- ബേര്‍ഡില്‍ ശേഖരിച്ചിട്ടുണ്ട്.ബേര്‍ഡ് കൗണ്ട് ഇന്ത്യയുടെ നേതൃത്വത്തില്‍ നൂറോളം പക്ഷിനിരീക്ഷണ സംഘടനകളുടെ കൂട്ടായ്മയാണ് ഇന്ത്യയിലെ ഇ- ബേര്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
അമേരിക്കയിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയാണ് ഇ-ബേര്‍ഡ് സോഫ്റ്റ് വെയര്‍ പരിപാലിക്കുന്നത്. അതേസമയം ഇ-ബേര്‍ഡിനെതിരേ ഒരു കൂട്ടം പക്ഷി നിരീക്ഷകര്‍ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ എതിര്‍പ്പ് ഉയര്‍ത്തുന്നത്. മാസങ്ങള്‍ക്കുമുന്‍പ് നടത്തിയ പക്ഷിസര്‍വേ വിവരങ്ങള്‍ ഇ-ബേര്‍ഡില്‍ ചേര്‍ക്കുന്നത് വിവാദത്തെ തുടര്‍ന്ന് തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."