നക്ഷത്ര ആമകളെക്കുറിച്ച് ശാസ്ത്രീയ പഠനത്തിന് ചിന്നാറില്‍ തുടക്കം
മറയൂര്‍ (ഇടുക്കി): നക്ഷത്ര ആമകളുടെ കേരളത്തിലെ ഏക ആവാസകേന്ദ്രമായ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഇവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന് തുടക്കം. വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുന്ന നക്ഷത്ര ആമകളെ പിടികൂടി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചിന്നാറില്‍ എത്തിച്ച് പുനരധിവാസം നടത്തിയതിനെതുടര്‍ന്നാണ് ഇവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന് ചിന്നാര്‍ വന്യജീവി സങ്കേതത്തെ തിരഞ്ഞെടുത്തത്.
ചിന്നാര്‍ വന്യജീവി സങ്കേതത്തിലുള്ള നക്ഷത്ര ആമകളുടെ കണക്കെടുപ്പ്, ആവാസ വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനങ്ങളോടുള്ള പ്രതികരണങ്ങള്‍, വളര്‍ച്ചയുടെ തോത്, പ്രജനന സ്വഭാവത്തിലെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് രണ്ടു വര്‍ഷം നീളുന്ന ശാസ്ത്രീയ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ ആദ്യവാരം പഠനം ആരംഭിക്കുന്നതിന് ചിന്നാര്‍ വന്യജീവി സങ്കേതം സമര്‍പ്പിച്ച പഠന പദ്ധതി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. അമിത് മല്ലിക്ക് അംഗീകരിച്ച് ഉത്തരവിറക്കി.
കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയ അഞ്ഞൂറോളം നക്ഷത്ര ആമകളെയാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പുനരധിവസിപ്പിച്ചിരിക്കുന്നത്.
2014-2015 കാലഘട്ടത്തില്‍ ചിന്നാറില്‍ നടത്തിയ പഠനങ്ങളിലൂടെയും തുടര്‍ച്ചയായ നിരീക്ഷണങ്ങളിലൂടെയും രൂപപ്പെടുത്തിയ പുനരധിവാസ രൂപരേഖയെ പിന്തുടര്‍ന്നാണ് നക്ഷത്ര ആമകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന് തുടക്കം കുറിക്കുന്നത്.
വന്യജീവി സംരക്ഷണ നിയമത്തിലും ആഗോളതലത്തില്‍ ഐ.യു.സി.എന്‍ പട്ടികയിലും കുറഞ്ഞ പരിഗണനാ വിഭാഗത്തില്‍ ആയതിനാല്‍ ലോകത്ത് അനധികൃതമായി വ്യാപാരം നടത്തുന്ന വന്യജീവികളില്‍ പ്രമുഖ സ്ഥാനമാണ് ഇന്ത്യന്‍ നക്ഷത്ര ആമകള്‍ക്കുണ്ടായിരുന്നത്. 2016 കാലഘട്ടത്തില്‍ ഐ.യു.സി.എന്‍ ചുവന്ന പട്ടികയില്‍ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നക്ഷത്ര ആമകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതക്ക് പ്രാധാന്യം വര്‍ധിച്ചത്. ഇതേവരെ ഇന്ത്യയില്‍ നക്ഷത്ര ആമകളെ കുറിച്ച് വിശാലമായ ശാസ്ത്രീയ പഠനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് ചിന്നാറില്‍ ആരംഭിക്കുന്ന സ്വാഭാവിക ആവാസ വ്യവസ്ഥയിലുള്ള ശാസ്ത്രീയ പഠനം പ്രസക്തമാകുന്നത്.
ചിന്നാര്‍ അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം പ്രഭു, ബയോളജിസ്റ്റ് ഡോ. രാജന്‍ പിലാക്കണ്ടി, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് സലീഷ് മേനാച്ചേരി എന്നിവര്‍ ശാസ്ത്രീയ പഠനത്തിന് നേതൃത്വം നല്‍കും. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി , പ്രോജക്ട് ടൈഗര്‍ ഫീല്‍ഡ് ഡയരക്ടര്‍ ജോര്‍ജ് പി. മാത്തച്ചന്‍ എന്നിവരാണ് പഠനം നീരീക്ഷിച്ച് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."