കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി മലപ്പുറത്ത് കേരളാ കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍
മലപ്പുറം: കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി മലപ്പുറത്ത് കേരളാ കോണ്‍ഗ്രസ് (എം) കണ്‍വന്‍ഷന്‍. പാര്‍ട്ടി അധ്യക്ഷന്‍ കെ.എം മാണി, ഉപാധ്യക്ഷനും മുന്‍ മന്ത്രിയുമായ പി.ജെ ജോസഫ്, എം.പിമാരായ ജോസ് കെ. മാണി, ജോയ് എബ്രഹാം, എം.എല്‍.എമാര്‍ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം പരിപാടിക്കെത്തി.
ചരല്‍ക്കുന്ന് സമ്മേളനത്തോടെ മുന്നണിവിട്ട കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷി നേതാക്കള്‍ക്കൊപ്പം വേദിപങ്കിടുന്നത് ഇതാദ്യമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ മുസ്‌ലിംലീഗ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ അറിയിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കെ.എം മാണി പത്രക്കുറിപ്പിറക്കിയിരുന്നു. കുറഞ്ഞ ദിവസത്തെ പ്രചാരണത്തിലൂടെ വന്‍ ജനാവലിയാണ് മലപ്പുറത്തെ കണ്‍വന്‍ഷനെത്തിയത്.
മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ മാണിയെ വേദിയിലേക്കാനയിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ അതിനേക്കാള്‍ ആവേശത്തിലാണ് കുഞ്ഞാലിക്കുട്ടിയെ എതിരേറ്റത്. കുഞ്ഞാലിക്കുട്ടി കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണെന്ന് പരിപാടിയില്‍ സംസാരിച്ച ജോസ് കെ. മാണി പറഞ്ഞു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ പെരിന്തല്‍മണ്ണ, മഞ്ചേരി, വള്ളിക്കുന്ന്, മലപ്പുറം മണ്ഡലങ്ങളില്‍ കേരളാ കോണ്‍ഗ്രസിന് സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് മണ്ഡലം കമ്മിറ്റികള്‍ ഇതിനകം രൂപീകരിച്ച കേരളാ കോണ്‍ഗ്രസ് ശക്തമായ പ്രചരണം കാഴ്ചവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനായി വരുംദിവസങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ ജില്ലയിലെത്തിക്കാനും പദ്ധതിയുണ്ട്. കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്കും പുറമെ മുസ്്‌ലിംലീഗ് എം.എല്‍.എമാരായ പി. ഉബൈദുല്ല, ടി.എ അഹമ്മദ് കബീര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. അതേസമയം, കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണ യു.ഡി.എഫിലേക്കുള്ള തിരിച്ചുപോക്കിന്റെ ഭാഗമാണെന്ന പ്രചാരണം തള്ളിക്കളഞ്ഞ മാണി പാലായും പാണക്കാടും തമ്മിലുള്ള ബന്ധം അരനൂറ്റണ്ടിലധികം കാലമായി നിലനില്‍ക്കുന്നതാണെന്നും പറഞ്ഞു.
മുന്നണിയില്‍ പ്രശ്‌നങ്ങള്‍ സാധാരണയാണെന്നും ഇന്നത്തെ പ്രശ്‌നം നാളെ ഇല്ലാതാകുമെന്നും പറഞ്ഞ കുഞ്ഞാലിക്കുട്ടി കേരളാ കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് തിരിച്ചുവരണമെന്നും സൂചിപ്പിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യു.ഡി.എഫിലെ മറ്റ് കക്ഷിനേതാക്കളെയൊന്നും പരിപാടിക്ക് ക്ഷണിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."