അനാവശ്യമായി അനസ്‌തേഷ്യ നല്‍കി പെണ്‍കുട്ടിയെ രോഗിയാക്കിയെന്ന്
കൊല്ലം: ഇല്ലാത്ത രോഗത്തിന് ശസ്ത്രക്രിയ വേണമെന്ന് വിധിയെഴുതി അനസ്‌തേഷ്യ നല്‍കി ഒന്‍പതുകാരിയെ രോഗിയാക്കിയെന്ന് പരാതി. കൊല്ലം ജില്ലാ ആശുപത്രിക്കെതിരേ പരാതിയുമായി കുട്ടിയുടെ പിതാവാണ് രംഗത്തെത്തിയിരിക്കുന്നത്. വാളത്തുങ്ങല്‍ സ്വദേശിയായ സുനില്‍കുമാറിന്റെ മകള്‍ ആര്യയെ കഴിഞ്ഞ ഡിസംബറിലാണ് വയറുവേദനയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തിയത്. ആര്യക്ക് അപ്പന്റിസ് എന്ന രോഗമാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ഈ മാസം പത്തൊന്‍പതിന് ശസ്ത്രക്രിയ നിശ്ചയിച്ചു. എന്നാല്‍ ശസ്ത്രക്രിയക്ക് എത്തിയ കുട്ടി അനസ്‌തേഷ്യ നല്‍കിയിട്ടും മയങ്ങാത്തതിനാല്‍ ശസത്രക്രിയ നടന്നില്ല. പിന്നീട് 21ലേക്ക് ശസ്ത്രക്രിയ മാറ്റുകയും ചെയ്തു.
പിന്നീട് പരിശോധന നടത്തി ശസ്ത്രക്രിയ നടത്താതെ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ എസ്.എ.ടിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് അപ്പന്റിസ് ഇല്ലെന്ന് വ്യക്തമായപ്പോളാണ് ജില്ലാ ആശുപത്രിയുടെ വീഴ്ച പുറത്തുവന്നത്. അനാവശ്യമായി അനസ്‌തേഷ്യ നല്‍കിയതിനാലാണ് കുട്ടി ഇപ്പോള്‍ അനുഭവിക്കുന്ന നടുവേദനയെന്ന് എസ്.എ.ടിയിലെ ഡോക്ടര്‍മാര്‍ ആര്യയുടെ രക്ഷകര്‍ത്താക്കളോട് പറഞ്ഞു.
ആര്യയുടെ ശസ്ത്രക്രിയ നടത്താന്‍ നിശ്ചയിച്ച ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കും അനസ്‌തേഷ്യ നല്‍കിയ ഡോക്ടര്‍ക്കും വീട്ടില്‍ പോയി പണം നല്‍കിയിരുന്നതായും പിതാവ് ആരോപിക്കുന്നു. അനാവശ്യമായി എടുത്ത അനസ്‌തേഷ്യ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമോയെന്ന ആശങ്കയും രക്ഷകര്‍ത്താക്കള്‍ക്കുണ്ട്. ഡോക്ടര്‍മാരുടെ അനാസ്ഥയ്ക്ക് എതിരെ നിയമപോരാട്ടം നടത്താന്‍ ഒരുങ്ങുകയാണ് സുനില്‍കുമാറും കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."