കോലളമ്പ് നിക്ഷേപത്തട്ടിപ്പ്: എന്‍ഫോഴ്‌സ്‌മെന്റ് തുടര്‍ നടപടികള്‍ ഊര്‍ജിതമാക്കി
എടപ്പാള്‍: സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിലൊന്നായ കോലളമ്പ് നിക്ഷേപത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് തുടര്‍നടപടികള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട പ്രതികളുടെ പേരിലുള്ള 37 ഭൂമികളുടേയും രണ്ടു ബാങ്ക് അക്കൗണ്ടണ്ടുകളുടേയും വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഉടമകള്‍ക്കു കൈമാറി.
ഈ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ തടയുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നതാണ്. നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇത്തരം നീക്കം നടത്തിയത്. കേരളത്തിലും കര്‍ണാടകത്തിലും തട്ടിപ്പുതുക ഉപയോഗിച്ചു വാങ്ങിക്കൂട്ടിയ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടണ്ട് കെട്ടുന്നത്. കോടികള്‍ വില വരുന്നവയാണ് ഈ സ്വത്തുക്കളിലധികവും. എടപ്പാള്‍, കപ്പൂര്‍, ഈഴുവത്തിരുത്തി, ആലങ്കോട്, വടക്കാഞ്ചേരി, പുലാമന്തോള്‍, പെരുമ്പടപ്പ്, കുന്നംകുളം എന്നിവിടങ്ങളിലും കര്‍ണാടകത്തിലെ തട്ടേക്കരയിലുള്ള ഭൂമിയുമാണ് ഇപ്പോള്‍ നടപടിക്കു വിധേയമാക്കുന്നത്.
ഇവയ്ക്കു കെട്ടുന്നതുമായി ബന്ധപ്പെട്ട നോട്ടിസ് ഭൂവുടമകള്‍ക്കും അവ രജിസ്റ്റര്‍ ചെയ്ത രജിസ്ട്രാര്‍ ഓഫിസുകള്‍, ബാങ്കുകള്‍ എന്നിവയ്ക്കും പൊലിസ് മേധാവികള്‍ക്കും ക്രൈംബ്രാഞ്ചിനും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നേരത്തെ കൈമാറിയിരുന്നു. പണം പലമടങ്ങായി തിരിച്ചുനല്‍കാമെന്ന വാഗ്ദാനം നല്‍കി 2008 മുതല്‍ എടപ്പാള്‍, കുന്നംകുളം മേഖലയില്‍ നിരവധി പേരില്‍ നിന്നും പണം സ്വരൂപിച്ചു മുങ്ങിയെന്നാണു കേസ്. 2000 കോടിയോളം രൂപ തട്ടിയതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. തട്ടിപ്പുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത 32 കേസുകളിലായി ആറു പ്രതികളെയാണ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പ്രശോഭിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ആദ്യകാലത്തു ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് നടപടി ആകാത്തതിനെത്തുടര്‍ന്നു ക്രൈംബ്രാഞ്ചിനും പിന്നീടു സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനും കൈമാറി. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമായത്. തട്ടിപ്പിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ചു വാങ്ങിക്കൂട്ടിയ ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിനു നേരത്തെ തന്നെ വ്യക്തമായിരുന്നു. കേരളത്തിലും കര്‍ണാടകത്തിലുമുള്ള ഭൂമിയും അബൂദാബിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തെക്കുറിച്ചുമുള്ള വിവരങ്ങളും നേരത്തേ ലഭിച്ചിരുന്നു. ഇതില്‍ കേരളത്തിലും കര്‍ണാടകത്തിലുമുള്ള ഭൂമിയുടെ മുകളിലുള്ള നടപടികളാണ് ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."