കനത്ത മഴയില്‍ വീട് തകര്‍ന്നു
പൂക്കോട്ടുംപാടം: കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയില്‍ വീട് തകര്‍ന്നു. അമരമ്പലം പഞ്ചായത്തിലെ ചെട്ടിപ്പാടം പറമ്പ ആനക്കോട് കടമ്പത്ത് അയ്യപ്പന്റെ വീടാണ് തകര്‍ന്നത്. പഞ്ചായത്തിലെ 11 ാം വാര്‍ഡില്‍ ഉള്‍പ്പെടുന്നസ്ഥലമാണിത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അയ്യപ്പനും ഭാര്യ ശ്രീലതയും മൂന്നു മക്കളുമാണ് വീട്ടിലുള്ളത്. രാത്രിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീടിന്റെ ഒരുഭാഗം അടര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് നോക്കിയപ്പോഴാണ് പാടെ തകര്‍ന്നതായി കണ്ടത്. കുടുംബം രാത്രിയില്‍ ബന്ധു വീട്ടിലാണു കഴിഞ്ഞത്. മണ്‍കട്ടയും ഓടും ഉപയോഗിച്ച് ഏകദേശം 16 വര്‍ഷം മുമ്പാണ് വീട് നിര്‍മിച്ചത്. മുമ്പ് ഈ ഭാഗം നെല്‍കൃഷി ചെയ്തിരുന്ന പാടമായരുന്നു. വീടിന് ചുറ്റും വെള്ളം കെട്ടിനിന്നതാണ് വീടിന്റെ തകര്‍ച്ചക്ക് കാരണമെന്നാണു പ്രാഥമിക നിഗമനം. വീടിന്റെ ഭിത്തി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അയ്യപ്പന്‍ കൂലിപണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. മൂത്തമകളെ വിവാഹം കഴിച്ച് അയച്ചിട്ടുണ്ടെങ്കിലും മറ്റു രണ്ടു പേരും വിദ്യാര്‍ഥികളാണ്. മഴയില്‍ വീട് തകര്‍ന്നതോടെ ഇനി എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം. വില്ലേജ് അധികൃതര്‍ക്കു പരാതി നല്‍കി. താല്‍കാലികമായി ചെട്ടിപ്പാടത്തെ വാടക വീട്ടിലേക്കു താമസം മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."