11,000 കോടിയുടെ അതിവേഗ പാത പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: നിരവധി പ്രത്യേകതകളുള്ള ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ (ഇ.പി.ഇ) പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഡല്‍ഹി- മീററ്റ് ഹൈവേയുടെ ഉദ്ഘാടനത്തിന് ശേഷമാണ് ഇ.പി.ഇ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചത്. 11,000 കോടി രൂപ ചെലവില്‍ 135 കി.മീ ദൂരത്തിലാണ് അതിവേഗ പാതയുള്ളത്. ഇന്ത്യയുടെ ആദ്യത്തെ ഹരിത- സ്മാര്‍ട്ട് അതിവേഗ പാതയായ ഇ.പി.ഇ 18 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
നിസാമുദ്ധീന്‍ ബ്രിഡ്ജില്‍ നിന്ന് ഡല്‍ഹി- യു.പി അതിര്‍ത്തിവരെയാണ് പാതയുള്ളത്. തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യവും പദ്ധതിയുടെ പിന്നിലുണ്ട്. ഗതാഗതക്കുരുക്ക് നീക്കാനായി സുപ്രിംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അതിവേഗ പാത നിര്‍മിച്ചത്.
പാതയിലുടനീളം വെളിച്ചം നല്‍കാനായി സൗരോര്‍ജത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ഇതിനായി എട്ട് സോളാര്‍ പവര്‍പ്ലാന്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഓരോ 500 മീറ്ററിലും മഴവെള്ള സംഭരണികളും നിര്‍മിച്ചിട്ടുണ്ട്. 2.5 ലക്ഷം മരങ്ങളാണ് പാതക്ക് ഇരുവശവും നട്ടുപിടിപ്പിച്ചത്.
ഡല്‍ഹി- മീറ്ററ്റ് ഹൈവേയുടെ (ഡി.എം.ഇ) ആദ്യഘട്ടമാണ് പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തത്. 841 കോടി രൂപയാണ് ഡി.എം.ഇ പദ്ധതിക്കായി ചെലവഴിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മോദി റോഡ് ഷോ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."