ലപ്‌സം ഗ്രാന്റ് ലഭിച്ചില്ല
ഷൊര്‍ണൂര്‍: പട്ടികജാതി - പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് ലപ്‌സം ഗ്രാന്റ് ലഭിച്ചില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ വകുപ്പു മന്ത്രിയായിരുന്ന എ.പി അനില്‍കുമാറാണ് 2015 ഫെബ്രുവരിയില്‍ ലപ്‌സംഗ്രാന്റ് വര്‍ധിപ്പിച്ച് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചതാകട്ടെ നിലവിലുണ്ടായിരുന്ന സംഖ്യയും.
യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും വര്‍ധിപ്പിച്ച ഗ്രാന്റ് കൊടുക്കാന്‍ ഉത്തരവ് ഇല്ലാത്തതാണ് കാരണം. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്ന ആരോപണമുയര്‍ന്നു കഴിഞ്ഞു. കെ.ജി.വിഭാഗത്തില്‍ നിലവില്‍ നല്‍കുന്ന 150രൂപ 500 രൂപയായും എല്‍.പി വിഭാഗത്തില്‍ 250രൂപയില്‍നിന്ന് 500 രൂപയായും യു.പി വിഭാഗത്തില്‍ 500 രൂപയില്‍നിന്ന് 1000 രൂപയായും ഹൈസ്‌കൂള്‍ വിഭാഗത്തിലേത് 750രൂപയില്‍നിന്ന് 1000 രൂപയുമായാണ് വര്‍ധിപ്പിച്ചത്.
പോസ്റ്റ്‌മെട്രിക് തലത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു ഹയര്‍ സെക്കണ്ടറി, വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികളുടേത് 900രൂപയില്‍നിന്ന് 1125രൂപയായും ബിരുദ വിദ്യാര്‍ത്ഥികളുടേത് 950രൂപയില്‍നിന്ന് 1190രൂപയായും വര്‍ധിപ്പിച്ചിരുന്നു. ബിരുദാനന്തര ബിരുദക്കാരുടേത് 1250രൂപയില്‍നിന്ന് 1970രൂപയായും വര്‍ധിപ്പിച്ചിരുന്നു. എം.ബി.ബി.എസ് ഹൗസ് സര്‍ജന്‍, ബി.ടെക് എന്നിവരുടേയും ഗ്രാന്റുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പുറെ പ്രതിമാസ സ്റ്റൈപന്റ് തുകയിലും വര്‍ധനവ് വരുത്തിയിരുന്നു.
പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്കുള്ള പോക്കറ്റ് മണിയും വര്‍ധിപ്പിച്ചിരുന്നു. 150 രൂപയില്‍നിന്ന് 190രൂപയായും, പ്രീമെട്രികിലേത് 100രൂപയില്‍നിന്ന് 150രൂപയായും ഉയര്‍ത്തിയിരുന്നു. 2015 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ നിരക്കിലുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാവുമെന്നാണ് മുന്‍ മന്ത്രിയുടെ പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."