സിറിയയില്‍ ഐ.എസ് ആക്രമണം; നാല് റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ദമസ്കസ്: സിറിയയില്‍ ഐ.എസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയുടെ കിഴക്കന്‍ പ്രവിശ്യയായ ദെയ്റുസ്സൂറിലായിരുന്നു സംഭവം.
രണ്ട് സൈനിക ഉപദേഷ്ടാക്കളും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. മറ്റ് അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഏറ്റുമുട്ടലില്‍ 43 ഭീകരരെ വധിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. സൈനിക ഉപദേഷ്ടാക്കള്‍ സ്ഥലത്തുവച്ചും മറ്റു രണ്ടുപേര്‍ പിന്നീടും മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇതോടെ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ എണ്ണം 90 ആയി. പരുക്കേറ്റവരെ റഷ്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ.എസ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 35 സര്‍ക്കാര്‍ അനുകൂല സൈനികര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു.
കഴിഞ്ഞ നവംബര്‍ അവസാനത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ ദെയ്റുസ്സൂര് ഐ.എസില്‍നിന്ന് സിറിയന്‍ സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷവും ഇവിടെ ഭീകരര്‍ അവശേഷിച്ചിരുന്നതായാണു വിവരം.
2015ലാണ് ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിനു പിന്തുണയുമായി റഷ്യന്‍ സൈന്യം ദമസ്കസിലെത്തിയത്. റഷ്യയുടെ സഹായത്തോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളില്‍നിന്നും ഭീകരരെ തുരത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."