ചന്ദ്രനില്‍ കാലുകുത്തിയ നാലാമത്തെ മനുഷ്യന് വിടവാങ്ങി
ന്യൂയോര്‍ക്ക്: ചന്ദ്രനിലൂടെ നടന്ന നാലാമത്തെ മനുഷ്യന് അമേരിക്കന്‍ പര്യവേക്ഷകനായ അലന് ബീന്‍ അന്തരിച്ചു. 86 വയസായിരുന്നു. ടെക്സാസില്‍ വച്ചായിരുന്നു അന്ത്യം. മികച്ച ചിത്രകാരന് കൂടിയായിരുന്നു അലന്.
കുടുംബമാണു മരണവിവരം പുറത്തുവിട്ടത്. രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് ഇന്തിയാനയിലേക്കു സഞ്ചരിക്കുന്നതിടെ വീണു സാരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് ഹൂസ്റ്റണ്‍ മെത്തോഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചു തന്നെയാണു മരണം സംഭവിച്ചത്.
1932 മാര്‍ച്ച് 15ന് ടെക്സാസിലാണു ജന നം. അമേരിക്കന്‍ നേവിയിലെ പരീക്ഷണ പൈലറ്റായിരുന്ന അലന് ബീന്‍ 1963ലാണ് നാസയില്‍ ട്രെയിനിയായി പ്രവേശിക്കുന്നത്. തുടര്‍ന്ന് രണ്ടുതവണ ബഹിരാകാശ യാത്ര നടത്തി. 1969 നവംബറില്‍ അപ്പോളോ 12 ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിലാണ് അലന് ചന്ദ്രനിലിറങ്ങിയത്. പത്തിലേറെ മണിക്കൂര്‍ അദ്ദേഹം ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ചു. ഞങ്ങള്‍ക്ക് അതൊരു ശാസ്ത്ര ഫിക്ഷനായാണ് അനുഭവപ്പെട്ടതെന്നു യാത്ര കഴിഞ്ഞു തിരിച്ചുവന്ന അദ്ദേഹം പ്രതികരിച്ചു. സഹാറാ മരുഭൂമിയുടെ മധ്യത്തില്‍ അകപ്പെട്ട അവസ്ഥയായിരുന്നുവെന്നും യാത്രയെ അദ്ദേഹം വിശേഷിപ്പിച്ചു.
അമേരിക്കയുടെ പ്രഥമ ബഹിരാകാശ സ്റ്റേഷനായ സ്കൈലാബിലേക്കുള്ള രണ്ടാമത്തെ യാത്രാസംഘത്തിന്റെ കമാന്‍ഡറായിരുന്നു അലന് ബീന്‍. 1973ലായിരുന്നു യാത്ര. ഈ സംഘം ബഹിരാകാശത്ത് 59 ദിവസം ചെലവിട്ടു.
1981ല്‍ നാസയില്‍നിന്നു വിരമിച്ച അദ്ദേഹം മുഴുസമയ കലാകാരനായി ശിഷ്ടജീവിതം തുടരുകയായിരുന്നു. ബഹിരാകാശ കാഴ്ചകളായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രധാനമായും ഇടംപിടിച്ചത്. നാസ അപ്പോളോ ദൗത്യത്തിന്റെ ചരിത്രം രേഖപ്പെടുത്തി വച്ചപ്പോള്‍ അതില്‍ ചിത്രങ്ങള്‍ വരച്ചത് അലനായിരുന്നു.
നീല്‍ ആംസ്ട്രോങ്ങും ബസ് ആല്‍ഡ്രിനും ചാള്‍സ് കോണ്റാഡുമാണ് അലനു മുന്‍പ് ചന്ദ്രനില്‍ കാലുകുത്തിയ മനുഷ്യര്‍. ഇതില്‍ ബസ് ആല്ഡ്രിന് മാത്രമാണ് ജീവിച്ചിരിപ്പുള്ളത്. ആല്ഡ്രിന് 88 വയസായിട്ടുണ്ട്. ലെസ്ലിയാണ് അലന്റെ ഭാര്യ. ആദ്യ ഭാര്യയില്‍ രണ്ട് മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."