കുറ്റിയാട്ടൂര്‍ മാമ്പഴ വ്യപാരികള്‍ക്കു കഷ്ടകാലം
തലശ്ശേരി: വവ്വാലിലൂടെയല്ല നിപാ വൈറസ് പകര്‍ന്നതെന്ന പരിശോധനാഫലം പുറത്തുവന്നെങ്കിലും മാമ്പഴ വിപണിയോട് അടുക്കാന്‍ ജനങ്ങള്‍ക്ക് ഇപ്പോഴും ഭയം. കേരളത്തിലെ ബ്രാന്റഡ് മാങ്ങയായി പേരെടുത്ത കുറ്റിയാട്ടൂര്‍ മാങ്ങ വാങ്ങാന്‍ ആരും മുതിരാത്തതു വ്യാപാരികള്‍ക്കു കനത്ത തിരിച്ചടിയായി. നിപാ വൈറസ് പ്രശ്‌നം ഉടലെടുത്ത ഒരാഴ്ചക്കിടെ മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി തലശ്ശേരിയിലെ കുറ്റിയാട്ടൂര്‍ മാമ്പഴ വ്യാപാരി എന്‍. ഷിജോ പറഞ്ഞു. കുറ്റിയാട്ടൂര്‍ മാങ്ങ കടല്‍ കടന്ന് വിദേശ വിപണിയെയും കീഴടക്കുന്നതിനിടെയാണു നിപാ വൈറസ് ഭീഷണി ഉയര്‍ന്നത്. ഇതു സാധാരണക്കാരായ കുറ്റിയാട്ടൂര്‍ പ്രദേശവാസികളുടെ ജീവിത നിലവാരം തന്നെ താളം തെറ്റിച്ചിരിക്കുകയാണ്. മൂത്തു പഴുത്ത മാങ്ങകള്‍ ഇവിടെ ദിനംപ്രതി വീണ് കുമിഞ്ഞ് കൂടുകയാണെങ്കിലും ഇതു ശേഖരിക്കാന്‍ നാട്ടുകാര്‍പോലും തയാറാകുന്നില്ല. മാങ്ങ പാട്ടമെടുത്ത വ്യാപാരികളും ഇപ്പോള്‍ തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ്. ജില്ലയില്‍ മാത്രം നൂറുകണക്കിനു കുറ്റിയാട്ടൂര്‍ മാമ്പഴ കച്ചവടക്കാരുണ്ട്. ഇവരുടെ ഉപജീവന മാര്‍ഗം കൂടിയാണു തടസപ്പെട്ടത്. സീസണ്‍ കച്ചവടം മാത്രമായ മാമ്പഴ വിപണിയെ ആശ്രയിച്ച് ബാങ്കില്‍നിന്ന് വായ്പയെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും മാമ്പഴ വില്‍പനയ്‌ക്കെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനു വ്യാപാരികള്‍ പ്രതിസന്ധിയിലായി. മാങ്ങ പാട്ടത്തിനെടുത്ത് പാരമ്പര്യ രീതിയില്‍ വൈക്കോല്‍ ഉപയോഗിച്ച് പഴുപ്പിച്ചാണു വില്‍പന നടത്തുന്നതെന്നും ഒരുതരത്തിലുമുള്ള രാസവസ്തുക്കളും മാങ്ങ പഴുപ്പിക്കാന്‍ ഉപയോഗിക്കാറില്ലെന്നും ഷിജോ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."