ആനപ്പേടിയില്‍ ആറളം
കണ്ണൂര്‍: ആറളം ഫാമിലും പരിസരങ്ങളിലും കാട്ടാനകളുടെ വിളയാട്ടം ദുരിതം വിതയ്ക്കുമ്പോള്‍ ശാശ്വതപരിഹാരം കാണാതെ വനംവകുപ്പ് ഇരുട്ടില്‍തപ്പുന്നു. 2011 മുതല്‍ ഇതുവരെ മൂന്നുപേരാണ് ആറളത്ത് കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 15ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കു മുമ്പ് മുഴക്കുന്നില്‍ ഇറങ്ങിയ മൂന്ന് കാട്ടാനകള്‍ ബൈക്ക് യാത്രക്കാരനെയും വഴിയാത്രക്കാരനെയും ആക്രമിച്ചിരുന്നു. ഇതില്‍ ബൈക്ക് യാത്രക്കാരന് ഭാഗ്യം കൊണ്ടുമാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയത്. ഇയാളുടെ കൈക്കും കാലിനും ഗുരുതര പരുക്കേറ്റ് ഇപ്പോഴും കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. 7000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ആറളം ഫാമില്‍ 3000 ഏക്കറില്‍ മാത്രമാണ് ജനവാസമുള്ളത്. ഏകദേശം മൂവായിരം ആദിവാസി കുടുംബങ്ങളാണ് വന്യജീവികളുടെ ഭീഷണിയെ അതിജീവിച്ച് ഇവിടെ കഴിയുന്നത്. കാട്ടാനകള്‍ ഓരോ തവണയും ഇരച്ചെത്തുമ്പോള്‍ വീടും കൃഷിയുമെല്ലാമായി ഇവര്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാകുന്നുണ്ട്. വര്‍ഷങ്ങളായുള്ള മുറവിളിയുടെ ഫലമായി ആറളത്ത് വൈദ്യുതി വേലിയും ആനമതിലും സര്‍ക്കാര്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കാട്ടാനകളെ തടയാന്‍ പര്യാപ്തമായിട്ടില്ല. വനത്തിന്റെ പരിധിയില്‍ മനുഷ്യസാന്നിധ്യം വര്‍ധിക്കുന്നതിനാല്‍ വന്യമൃഗങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുന്നതാണ് മനുഷ്യവാസമുള്ള മേഖലയിലേക്ക് കാട്ടാനകളും മറ്റും കടന്നുകയറാന്‍ കാരണം. ഇന്ത്യയില്‍ ശരാശരി ഓരോ ദിവസവും ഒരാള്‍ വീതം കാട്ടാനയുടെയോ കടുവയുടെയോ ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്.
ആദിവാസി കുടില്‍ കാട്ടാന തകര്‍ത്തു
ഇരിട്ടി: ആറളം ഫാമില്‍ ഭീതിവിതച്ച് വീണ്ടും കാട്ടാനയുടെ ആക്രമണം. ആദിവാസി പുനരധിവാസ മേഖലയില്‍ എത്തിയ കാട്ടാന ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് വളയഞ്ചാലിനടുത്തുള്ള രാജുവിന്റെ വീട് തകര്‍ത്തത്. ഉറങ്ങികിടക്കുകയായിരുന്ന രാജു കാട്ടാനയുടെ ശബ്ദം കേട്ട് പുറകുവശത്തുകൂടി ഓടിരക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ രാജുവിന് വീണ് പരുക്കേറ്റു. സമീപത്തുള്ള വളയംചാലിലെ വനം വകുപ്പ് ഓഫിസില്‍ വിവരം പറഞ്ഞെങ്കിലും ഉദ്യോഗസ്ഥരാരും എത്തിയില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെല്ലെന്നും രാജു പറഞ്ഞു. വീടിന്റെ മേല്‍ക്കൂര കാട്ടാന തകര്‍ത്തു. വനം വകുപ്പ് എത്താത്തതില്‍ പ്രതിഷേധിച്ച് വനം വകുപ്പിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞു. പരുക്കേറ്റ രാജുവിനെ പേരാവൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനപാലകര്‍ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."