ഈ വര്‍ഷം മുതല്‍ ഇ-കൈവള പദ്ധതി: ഹജ്ജ് മന്ത്രിയുടെ അംഗീകാരം
ജിദ്ദ: ഈ വര്‍ഷം മുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഇലക്‌ട്രോണിക് കൈവളകള്‍ ഏര്‍പ്പെടുത്താനും വിവരങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനുമുള്ള തീരുമാനത്തിന് ഹജ്ജ് മന്ത്രി മുഹമ്മദ് സ്വാലിഹ് ബന്ദന്‍ അംഗീകാരം നല്‍കി.
തീര്‍ഥാടകരെ വേഗത്തില്‍ തിരിച്ചറിയാനും മുഴുവന്‍ വിവരങ്ങളും ഇ സംവിധാനത്തിലൂടെ അറിയാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ഭാഷ അറിയാത്തവര്‍ക്കും രേഖകള്‍ വ്യക്തമല്ലാത്തവരുടെയും വിവരങ്ങള്‍ അറിയാന്‍ ഇതുമുഖേന സാധിക്കും. തീര്‍ഥാടകരുടെ താമസ സ്ഥലമുള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയതാണ് ഇ കൈവള. വിദേശ ഹാജിമാര്‍ക്കായുള്ള ഏകീകൃത ഹജ്ജ് പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രോണിക് കൈവളകള്‍ ഏര്‍പ്പെടുത്തുന്നത്.
മുഴുവന്‍ വിദേശ ഹജ്ജ് കാര്യ ഓഫിസുകള്‍ക്കും തീര്‍ഥാടകര്‍ക്ക് ഇ കൈവളകള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് നമ്പര്‍, വിസ നമ്പര്‍, അഡ്രസ്സ്, ഫോട്ടോ, മക്ക, മദീന മറ്റു പുണ്യസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ താമസകേന്ദ്രങ്ങള്‍, സേവന സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളും ഇ കൈവളയില്‍ രേഖപെടുത്തിയിട്ടുണ്ടാവും.
പുതിയ സംവിധാനം വരുന്നതോടെ ഹജ്ജ് നടപടികള്‍ കൂടുതല്‍ വ്യവസ്ഥാപിതമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹജ്ജ് സേവന രംഗത്തെ സര്‍ക്കാര്‍ സ്വകാര്യ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തീര്‍ത്ഥാടകരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവഴി അറിയാന്‍ സാധിക്കും. വഴിതെറ്റുന്ന തീര്‍ഥാചകരെ സഹായിക്കാനെത്തുന്നവര്‍ക്ക് ഇവരുടെ ഇ കൈവളകള്‍ നോക്കി തന്നെ അവരുടെ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രത്യേക ആപ്ലിക്കേഷന്‍ മുഖേന സ്മാര്‍ട്ട് ഫോണുകള്‍, ഐപാഡ് എന്നിവയില്‍ ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് ഇതിന്റെ മറ്റൊരു സവിശേഷത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."