ഇങ്ങനെയാണോ സ്മാര്‍ട് വില്ലേജ് ഓഫിസ്..?
പെരിയ: സംസ്ഥാന സര്‍ക്കാരിന്റെ മേന്മ പെരുപ്പിച്ചു കാട്ടാന്‍ വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്ത അധികൃതര്‍ വെട്ടിലായി. സ്മാര്‍ട് വില്ലേജ് ഓഫിസ് എന്ന ഖ്യാതിയോടെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം തുറന്നു കൊടുത്ത പെരിയ വില്ലേജ് ഓഫിസ് കെട്ടിടത്തില്‍ വൈദ്യുതിയില്ല. ഇതിനു പുറമെ ജീവനക്കാര്‍ക്ക് ഇരിക്കാന്‍ കസേരകളും ഉപയോഗിക്കാന്‍ മേശകളും അലമാരികളുമില്ല. ദേശീയ പാതക്കരികില്‍ പെരിയ ബസ് സ്റ്റോപ്പിനു സമീപത്താണ് പഴയ വില്ലേജ് ഓഫിസ് കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പേ കെട്ടിടത്തിന്റെ മേല്‍ക്കൂരയും ചുവരുകളും വിണ്ടു കീറിയതോടെ ഓഫിസ് ജീവനക്കാരും വില്ലേജിലെത്തുന്ന ആളുകളും ജീവന്‍ പണയം വച്ചാണ് പ്രസ്തുത ഓഫിസ് ഉപയോഗിച്ചിരുന്നത്.
പല തവണ ഇതുമായി ബന്ധപ്പെട്ടു വാര്‍ത്തകള്‍ വന്നതോടെ ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ ദ്രുതഗതിയില്‍ നീങ്ങുകയും രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ കെട്ടിടം നിര്‍മിക്കുകയുമായിരുന്നു. നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് തുറന്നു കൊടുക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് 'സുപ്രഭാതം' പത്തു ദിവസം മുമ്പ് വാര്‍ത്ത നല്‍കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ദ്രുതഗതിയില്‍ വില്ലേജ് ഓഫിസ് ഉദ്ഘാടനം നടത്തിയത് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക മേന്മ പെരുപ്പിച്ചു കാട്ടാനുള്ള തന്ത്രമായിരുന്നുവെന്നാണ് ആളുകള്‍ പറയുന്നത്. ജീവനക്കാര്‍ക്ക് ഇരിക്കാന്‍ കസേരകളും മറ്റു വസ്തുക്കളും ഇല്ലെന്നതിനു പുറമെ തന്നെ വൈദ്യുതിയുമില്ലാതെ വന്നതോടെ ജീവനക്കാരും മറ്റും പ്രതിസന്ധിയിലാകും. വൈദ്യുത കണക്ഷനു വേണ്ടി പെരിയ സെക്ഷനില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും വൈദ്യുതി അനുവദിച്ചിട്ടില്ല. ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനു ബന്ധപ്പെട്ടവരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവ വാങ്ങാന്‍ കഴിയാത്തതെന്നു ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."