സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്
ചിറ്റൂര്‍: അപകടത്തെത്തുടര്‍ന്ന് സേലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മീനാക്ഷിപുരത്ത് മണികണ്ഠന്റെ ആന്തരികാവയവങ്ങള്‍ ആശുപത്രിയുടെ ബില്ലിന് പകരം നല്‍കേണ്ടി വന്ന സാഹചര്യം ദുരൂഹത നിറഞ്ഞതാണെന്ന് യൂത്ത് കോണ്‍ഗ്രസ്. മസ്തിഷ്‌ക മരണം സംഭവിച്ചിട്ടുണ്ടോ എന്നത് മുതല്‍ അവയവംദാനം ചെയ്യുന്നുണ്ടെങ്കില്‍ അതുവരെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാകണമെന്ന നിയമം നിലനില്‍ക്കെയാണ് മൃതദേഹം വിട്ടുകിട്ടാന്‍ ഭാരിച്ച തുക നല്‍കാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തി ബന്ധുക്കളെ കൊണ്ട് സമ്മതപത്രം ഒപ്പിട്ടു വാങ്ങിയത്. ഇതിന് പിന്നില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അവയവ മാഫിയ ഉണ്ടോ എന്ന് സംശയിക്കുന്നതായും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ വ്യക്തമാക്കി.
തമിഴ്‌നാട് സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ കേരള സര്‍ക്കാര്‍ സ്വതന്ത്ര ഏജന്‍സിയെകൊണ്ട് അന്വേഷിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. ഈ വിഷയങ്ങള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി കത്ത് നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.എസ് നുസൂര്‍, ആലത്തൂര്‍ പാര്‍ലമെന്റ് പ്രസിഡന്റ് പാളയം പ്രദീപ് എന്നിവര്‍ അറിയിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.സി പ്രീതിനോടൊപ്പം മണികണ്ഠന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടതിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമായി വന്നാല്‍ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡി.സി.സി സെക്രട്ടറി കെ.സി പ്രീത് പറഞ്ഞു.
അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എം. രാജ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫിറോസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."