കിങ്‌സ് റിട്ടേണ്‍; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ചെന്നൈ സൂപ്പര്‍ കിങ്‌സിന്
മുംബൈ: രണ്ട് വര്‍ഷത്തെ ഇടവേളയൊന്നും ബാധകമല്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് വ്യക്തമാക്കിയപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 11ാം അധ്യായത്തിലെ കിരീടം അവര്‍ക്ക് സ്വന്തം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ മൂന്നാം ഐ.പി.എല്‍ കിരീടം നേടി. മുംബൈ ഇന്ത്യന്‍സിനൊപ്പം മൂന്ന് ഐ.പി.എല്‍ കിരീടങ്ങളെന്ന നേട്ടത്തിന്റെ പട്ടികയില്‍ ഇനി ചെന്നൈയും.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 178 റണ്‍സെടുത്തപ്പോള്‍ ചെന്നൈ 18.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 181 റണ്‍സെടുത്ത് എട്ട് വിക്കറ്റിന് വിജയിച്ചു.
57 പന്തില്‍ 11 ഫോറും എട്ട് സിക്‌സും സഹിതം 117 റണ്‍സ് സ്വന്തമാക്കി പുറത്താകാതെ നിന്ന ഷെയ്ന്‍ വാട്‌സന്‍ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ ടീമിന്റെ വിജയം ഉറപ്പാക്കി. സുരേഷ് റെയ്‌ന 32 റണ്‍സും അമ്പാട്ടി റായിഡു പുറത്താകാതെ 17 റണ്‍സുമായി വാട്‌സനെ പിന്തുണച്ചു. ടൂര്‍ണമെന്റിലുടനീളം ബൗളിങ് മികവിലൂടെ എതിരാളികളെ പിടിച്ചുനിര്‍ത്തിയ ഹൈദരാബാദ് ബൗളര്‍മാര്‍ കലാശപ്പോരാട്ടത്തില്‍ വിവരമറിഞ്ഞു. സന്ദീപ് ശര്‍മ, ബ്രാത്‌വയ്റ്റ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ടോസ് നേടി ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 36 പന്തില്‍ 47 റണ്‍സുമായി കെയ്ന്‍ വില്ല്യംസന്‍ ഒരിക്കല്‍ കൂടി തിളങ്ങി.
യൂസുഫ് പത്താന്‍ പുറത്താകാതെ 25 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്നതാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ചെന്നൈയ്ക്കായി ലുന്‍ഗി എന്‍ഗിഡി, ശാര്‍ദുല്‍ താക്കൂര്‍, കരണ്‍ ശര്‍മ, ബ്രവോ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."