നിരവില്‍പ്പുഴ വനം ചെക്‌പോസ്റ്റിനെതിരേ വ്യാപക പരാതി 'മാമൂല്‍' നല്‍കിയാല്‍ സുഖയാത്ര
നിരവില്‍പുഴ: ജില്ലാ അതിര്‍ത്തിയായ നിരവില്‍പ്പുഴ മട്ടിലയത്ത് പ്രവര്‍ത്തിക്കുന്ന വനം വകുപ്പ് ചെക്‌പോസ്റ്റില്‍ പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം. രാത്രികാലങ്ങളില്‍ റോഡിലെ ഗേറ്റ് താഴ്ത്തിയാണ് വാഹന ഉടമകളില്‍ നിന്ന് അകാരണമായി പണം പിരിക്കുന്നത്.
ജില്ലാ അതിര്‍ത്തികളില്‍ വനം വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് വാഹനങ്ങള്‍ നിര്‍ത്തിച്ച് പരിശോധിക്കുന്നത്. കന്നുകാലികളെ കൊണ്ടുപോകുന്നവര്‍, മുഴുവന്‍ രേഖകളോടെ വീട് നിര്‍മാണാവശ്യത്തിന് മര ഉരുപ്പടികള്‍ കൊണ്ടുപോകുന്നവര്‍ എന്നിവരില്‍ നിന്നെല്ലാമാണ് മാമൂല്‍ ആവശ്യപ്പെടുന്നത്. നല്‍കാന്‍ തയാറാകാത്തവരുടെ യാത്ര വൈകിപ്പിക്കുന്നതായും പരാതിയുണ്ട്. പലരും കൂടുതല്‍ സങ്കീര്‍ണതകള്‍ ഭയന്ന് ആവശ്യപ്പെടുന്ന തുക നല്‍കി യാത്ര തുടരുകയാണ്. നോര്‍ത്ത് വയനാട് ഡിവിഷന് കീഴിലുള്ള പേര്യ റെയ്ഞ്ചിലാണ് ചെക്‌പോസ്റ്റ്. സെക്ഷന്‍ ഓഫിസര്‍മാര്‍, ബീറ്റ് ഓഫിസര്‍മാര്‍ എന്നിവരാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ളത്. രണ്ടുമാസം മുന്‍പു വരെ വെള്ളമുണ്ട പൊലിസ് നിയോഗിച്ച ജില്ലാ അതിര്‍ത്തി പരിശോധനാ വിഭാഗം ഈ ഫോറസ്റ്റ് കെട്ടിടമായിരുന്നു പ്രാഥമികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. എന്നാല്‍, റെയ്ഞ്ച് ഓഫിസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമെന്നു വിശദീകരിച്ച് ഇവരെ ഇപ്പോള്‍ ഇതിന് അനുവദിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."