കേരളത്തില്‍ നാടകം സജീവമല്ല: എം.കെ. സാനു
തൃശൂര്‍: കേരളത്തില്‍ നാടകം സജീവമല്ലെന്ന് പ്രഫ. എം.കെ. സാനു. നാടകം സജീവമാകുന്ന കാലത്ത് സാംസ്‌കാരികരംഗം ശുചിത്വമുള്ളതാകും. പണ്ടൊക്കെ നാടകം സജീവമായിരുന്നതിനാല്‍ സാംസ്‌കാരിക, സാമൂഹികരംഗവും വൃത്തിയുള്ളതായിരുന്നു. അതില്ലാത്ത ഈ കാലത്ത് ജീവിച്ചിരിക്കുന്നതില്‍ തനിക്ക് ദു:ഖം തോന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകനാടകദിനാഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ രംഗചേതനയുടെ രംഗചേതന നാടകപുരസ്‌കാരം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഴയ കാലത്ത് നാടകത്തെ സജീവമാക്കിയിരുന്നവര്‍ ലാഭമുണ്ടാക്കാനായിരുന്നില്ല. അതുകൊണ്ടു തന്നെ അവരുടെയൊക്കെ ജീവിതവും ദുരിതപൂര്‍ണമായിരുന്നു. ഓച്ചിറ വേലുക്കുട്ടി, യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് എന്നിവരെപ്പോലുള്ള അതുല്യനാടകപ്രവര്‍ത്തകരുടെ ജീവിതം അവസാനകാലത്ത് ദിുരിതപൂര്‍ണമായതും അദ്ദേഹം വിശദീകരിച്ചു. അവര്‍ക്ക് നാടകം സാമൂഹികശുചീകരണത്തിനുള്ള ഒന്നായിരുന്നു. അവരെല്ലാം ദു:ഖങ്ങള്‍ സഹിച്ച് നാടകത്തെ സജീവമാക്കി. മറ്റുള്ളവരുടെ ദു:ഖം തങ്ങളുടേതാണെന്നു കണ്ടവരായിരുന്നു. നല്ല നാടകപാഠം ഇല്ലെങ്കില്‍ നല്ല അവതരണവുമുണ്ടാവില്ല.
ചിലപ്പോള്‍ നാടകപാഠം നല്ലതല്ലെങ്കിലും അവതരണം സമൂഹത്തെ ശുദ്ധീകരിക്കും. നിങ്ങളുടെ ദുരിതത്തില്‍ പങ്കുചേരുമ്പോഴാണ് അത് സാധ്യമാകുക. എന്നാല്‍ ഇന്ന് നാം നമ്മിലേക്ക് ഒതുങ്ങുകയാണ്. നാടകം സജീവമാകുന്നതിന് ത്രിത്വം പ്രധാനമാണ്. നാടകം പഠിക്കുകയും അഭിനയിക്കുകയും വേണം. അതുവഴി വികാരവിരേചനമുണ്ടാവുകയും വിമലീകരണം നടക്കുകയും ചെയ്യും. മനുഷ്യരെ ശുദ്ധീകരിക്കുന്നതിന്, ഇന്നത്തേതുപോലുള്ള മൃഗീയ സാംസ്‌കാരികതയെ ശുദ്ധീകരിക്കുന്നതിന് നാടകമേ തിരിച്ചുവരിക എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.
മലയാള നാടകപ്രസ്ഥാനത്തിനു നല്കിയ മികച്ച സംഭാവനയ്ക്കാണ് രംഗചേതന പുരസ്‌കാരം നല്‍കിയത്. ശില്പവും പ്രശസ്തിപത്രവും 10,000 രൂപയുമുടങ്ങുന്ന പുരസ്‌കാരം സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ സമ്മാനിച്ചു. അക്കാദമി പബ്ലിക്കേഷന്‍ മാനേജര്‍ ഇ.ഡി. ഡേവിസ് പ്രശസ്തിപത്രം വായിച്ചു. പ്രഫ. പി.എന്‍. പ്രകാശ് അധ്യക്ഷനായി. പ്രഫ. എം. തോമസ് മാത്യു, ടി.എം. എബ്രഹാം, ഡോ. സി.കെ. തോമസ്, കെ.വി. ഗണേഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ടി.വി. ബാലകൃഷ്ണന്‍ സംവിദാനം ചെയ്ത സൂ സ്‌റ്റോറി അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."