പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവര്‍ക്ക് സ്‌കൂള്‍ പ്രവേശനം നല്‍കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിഫ്തീരിയ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്തവര്‍ക്ക് സ്‌കൂളിലും കോളജിലും പ്രൊഫഷനല്‍ കോഴ്‌സുകളിലും പ്രവേശനം നല്‍കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി ഉത്തരവിട്ടു.
കുഞ്ഞുങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്. അത്തരം കുറ്റങ്ങള്‍ ചെയ്യുന്ന മാതാപിതാക്കള്‍ ശിക്ഷിക്കപ്പെടേണ്ടതുമാണെന്നും കമ്മിഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.
സ്‌കൂള്‍ പ്രവേശനത്തിന് മുന്‍പ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണം. ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്നവര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടോ എന്നു പരിശോധിക്കണം.
കുത്തിവയ്പ്പ് എടുക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് അടിയന്തരമായി നല്‍കണം. ആവശ്യങ്ങള്‍ പരിഗണിച്ച് നടപടി സ്വീകരിച്ചില്ലെങ്കില്‍ കുട്ടികളുടെ ജീവിക്കാനുള്ള അവകാശം മുളയിലേ നുള്ളുന്നതിന് തുല്യമാകുമെന്ന് ജസ്റ്റിസ് ജെ.ബി കോശി ഉത്തരവില്‍ പറഞ്ഞു. ഡോ.ടി.എം അനന്തകേശവനാണ് കമ്മിഷനു പരാതി നല്‍കിയത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും കമ്മിഷന്‍ കൊണ്ടുവരും. ഉത്തരവ് ചീഫ്‌സെക്രട്ടറിക്കും ആരോഗ്യസെക്രട്ടറിക്കും കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."