പുതിയ അധ്യയനവര്‍ഷം വിളിപ്പാടകലെ; സ്‌കൂള്‍ വിപണി സജീവം
തൊടുപുഴ: പുതിയ അധ്യയനവര്‍ഷം വിളിപ്പാടകലെ എത്തിനില്‍ക്കുമ്പോള്‍ സ്‌കൂള്‍ വിപണി സജീവം. മധ്യവേനലവധിക്കാലത്തെ കളിയും ആഘോഷങ്ങളും മാറ്റി വച്ച് കുട്ടികള്‍ അക്ഷരകളരികളിലേക്കെത്താന്‍ ഇനി നാല് ദിനങ്ങള്‍ കൂടി. ഇതോടെ വര്‍ണ്ണവൈവിധ്യങ്ങളുടെ സ്‌കൂള്‍ വിപണി സജീവമായി. മുന്‍കാലങ്ങളിലേതു പോലെ കച്ചവടമില്ലെന്നു വ്യാപാരികളുടെ പരാതി. ന്യൂ ജനറേഷന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനു കടകളില്‍ പുതിയ തന്ത്രങ്ങളുമായാണ് കച്ചവടക്കാര്‍ രംഗത്തുള്ളത്. കുട്ടികള്‍ക്കുള്ള ബാഗും യൂണിഫോമും മറ്റും വാങ്ങാനുള്ള തിരക്കാണ് ഷോപ്പുകളില്‍.
വിവിധ തരത്തിലുള്ള കുടകളുടെയും ബാഗുകളുടെയും വില്‍പ്പന പൊടിപൊടിക്കുന്നു. ബ്രാന്‍ഡഡ് കമ്പനികളുടെ ബോക്‌സ്, ബുക്ക്, പേന, പെന്‍സില്‍ എന്നിവയ്ക്കും ആവശ്യക്കാരേറെ. 20 രൂപ മുതലാണു നോട്ടുബുക്കുകളുടെ വില. എന്നാല്‍ നിലവാരമുള്ള ബുക്കുകള്‍ക്ക് 160 രൂപ വരെയാണു വില. പ്രകൃതിദൃശ്യങ്ങളും സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും നോട്ടു ബുക്കുകളുടെ പുറംചട്ടയില്‍ പതിവുപോലെ സ്ഥാനം പിടിച്ചിട്ടുണ്ട്. പെന്‍സിലുകള്‍ക്കു മൂന്നു മുതല്‍ എട്ടു വരെ രൂപയാണു വില. ഇന്‍സ്ട്രമെന്റ് ബോക്‌സിന് 70 രൂപ മുതല്‍ 300 രൂപ വരെയാണു വില. രണ്ടു രൂപ മുതലുള്ള പേനകളും വില്‍പനയ്ക്കുണ്ട്. ഉല്‍പ്പന്നങ്ങളുടെ വിലയില്‍ നേരിയ വര്‍ധനവുണ്ടായതിനാല്‍ സ്‌കൂള്‍ തുറക്കുന്ന സമയം രക്ഷിതാക്കളുടെ പോക്കറ്റിന്റെ നല്ലൊരു ഭാഗം കാലിയാകുമെന്നുറപ്പാണ്.
കൊച്ചുകുട്ടികളുടെ മനം കവരുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിച്ച കുടകളും, ബാഗുകളുമാണ് വിപണിയിലേറെയും. പ്രമുഖ കമ്പനികളുടെ ബാഗുകളും വ്യത്യസ്ഥ നിറത്തിലും വലിപ്പത്തിലും കടകളില്‍ നിരന്നു കഴിഞ്ഞു. 300 രൂപ മുതല്‍ 2000 രൂപവരെയുള്ള ബാഗുകള്‍ വിപണിയിലുണ്ട്. വാട്ടര്‍ ബോട്ടിലും ടിഫിന്‍ ബോക്‌സും വയ്ക്കാന്‍ പ്രത്യേകം അറകളുള്ള ബാഗുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.
കുട്ടികളെ കാത്തിരിക്കുന്ന കാലവര്‍ഷത്തെ പ്രതിരോധിക്കാനായി മഴക്കോട്ടുകളും എത്തി. 500 മുതല്‍ 1500രൂപ വരെ വിലയുള്ള മഴകോട്ടുകളുണ്ട്. കുട്ടികളുടെ മഴക്കോട്ടുകള്‍ക്ക് 250 രൂപമുതലാണ് വില. കുട്ടികളെ ആകര്‍ഷിക്കാന്‍ പുത്തന്‍ മോഡലുകളും ഇതിനായി പരസ്യ തന്ത്രങ്ങളും കുട നിര്‍മാതാക്കള്‍ പരീക്ഷിക്കുന്നുണ്ട ്. കമ്പനിക്കുടകള്‍ 300 രൂപ മുതല്‍ 500 രൂപ വരെ വിലക്കു ലഭ്യമാണ്. എന്നാല്‍ കൊച്ചുകുട്ടികളെ ആകര്‍ഷിക്കുന്ന വര്‍ണ്ണക്കുടകള്‍ 250 രൂപക്കു ലഭിക്കും. അല്‍പ്പം മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കളറുള്ള കാലന്‍ കുടകളുടെ ആരാധകരാണ്.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍, ബെന്‍, തുടങ്ങിയവരെ കുടകളില്‍ ചിത്രീകരിച്ചാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്. 250 മുതല്‍ 500 വരെ വിലയുള്ള കുടകള്‍ കടകളില്‍ എത്തിയിട്ടുണ്ട്. വെള്ളം വീഴുമ്പോള്‍ ചിത്രങ്ങള്‍ തെളിയുന്നതും വെള്ളം ചീറ്റുന്നതും ഉള്‍പ്പെടെ പലവിധ ആകര്‍ഷങ്ങളായാണ് കുടകളില്‍ നിറഞ്ഞിരിക്കുന്നത്. ടിഫിന്‍ ബോക്‌സും ഫ്‌ളാക്‌സും സ്റ്റെയിന്‍ലസ് സ്റ്റീലിലുള്ളവയാണ് കൂടുതല്‍ വിറ്റു പോകുന്നത്.
സ്‌കൂള്‍ യൂണിഫോമിനോടൊപ്പമുള്ള ഷൂസുകള്‍ 250 രൂപ മുതല്‍ വിപണിയില്‍ ലഭിക്കും. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയും സ്‌കൂള്‍ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."