ദുരിതം വിതച്ചവര്‍ രക്ഷകവേഷംകെട്ടി വീണ്ടും വഞ്ചിക്കുന്നു: വൈക്കം വിശ്വന്‍
ചെറുതോണി: കര്‍ഷക ജനതയ്ക്കുമേല്‍ ദുരിതം വിതച്ചവര്‍ തന്നെ ഇപ്പോള്‍ രക്ഷകവേഷം കെട്ടി വീണ്ടും വഞ്ചിക്കുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഗാഡ്ഗില്‍ - കസ്തൂരി രംഗന്‍ കമ്മിഷനുകളെ നിയോഗിച്ചവരും ജില്ലയിലെ 47 വില്ലേജുകള്‍ ഇ.എസ്.എ ആയി പ്രഖ്യാപിച്ച് ഉത്തരവിറക്കിയവരും 16 ഉപാധികളുള്ള പട്ടയം അടിച്ചേല്‍പ്പിച്ചവരും യു.പി.എ, യു.ഡി.എഫ് സര്‍ക്കാരുകളാണെന്ന് വൈക്കം വിശ്വന്‍ ആരോപിച്ചു.
ചെറുതോണിയില്‍ കര്‍ഷക സംഘം നേതൃത്വത്തില്‍ നടത്തിയ കര്‍ഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലിരുന്നപ്പോള്‍ കര്‍ഷകരെ മറന്നുപോയ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഇപ്പോള്‍ നടത്തുന്ന കപട സമരം നാടകമാണ്.
അന്ന് ജനങ്ങളോടൊപ്പം നിന്ന് പോരാട്ടം നടത്തുകയും ഇപ്പോള്‍ ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയുമാണ് ഇടതുപക്ഷം ചെയ്യുന്നത്. മൂന്നാറിലെ കര്‍ഷകരെ സി.ബി.ഐയെ കാണിച്ച് പേടിപ്പിക്കാമെന്ന് ബി.ജെ.പി കരുതണ്ട. കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 10 ന് ആരംഭിച്ച് കര്‍ഷക കൂട്ടായ്മ വൈകിട്ട് 5 ന് സമാപിച്ചു. ജില്ലയിലെ ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ കര്‍ഷക കൂട്ടായ്മയില്‍ 1001 പേരാണ് പങ്കെടുത്തത്.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സി.വി വര്‍ഗീസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി എന്‍.വി ബേബി സ്വാഗതം പറഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, കിസാന്‍ സഭ ജില്ലാ സെക്രട്ടറി മാത്യു വര്‍ഗീസ്, കര്‍ഷക സംഘം ജില്ലാ ട്രഷറര്‍ എന്‍. ശിവരാജന്‍, റോമിയോ സെബാസ്റ്റ്യന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ കുന്നേല്‍, നേതാക്കളായ ഇ.എം ചന്ദ്രന്‍, എം.കെ ചന്ദ്രന്‍കുഞ്ഞ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."